

ഇംഫാൽ: രണ്ട് വർഷത്തിനടുത്തായി സംസ്ഥാനത്ത് അരങ്ങേറുന്ന വംശീയ കലാപം അവസാനിപ്പിക്കാൻ ഒന്നും ചെയ്യാൻ സാധിക്കാതെ, വിമർശനങ്ങൾ ഏറ്റുവാങ്ങിയാണ് മണിപ്പുരിൽ ബിരേൻ സിങ് രാജി വച്ചത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു അനിവാര്യമായ പടിയിറക്കമാണ് സംഭവിച്ചത്. നാളെ തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്റെ സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി.
അവിശ്വാസ പ്രമേയത്തിന്റെ നോട്ടീസ് ലഭിച്ചതിനു പിന്നാലെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചെങ്കിലും ഭൂരിഭാഗം എംഎൽഎമാരും വിട്ടുനിന്നതോടെ ബിജെപി കേന്ദ്ര നേതൃത്വം അപകടം മണത്തു. പിന്നാലെ ബിരേൻ സിങിനെ ഡൽഹിക്കു വിളിപ്പിച്ചു. ഇന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും മറ്റ് ബിജെപി നേതാക്കളുമായും ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ രാജി ആവശ്യം ഉയർന്നതോടെ ബിരേൻ സിങിനു മുന്നിൽ മറ്റു വഴികൾ ഇല്ലാതെയായി. വൈകീട്ടോടെ സംസ്ഥാനത്ത് തിരിച്ചെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്കു രാജി സമർപ്പിക്കുകയായിരുന്നു.
രാജി സ്വീകരിച്ചതിനു പിന്നാലെ ഗവർണർ ഡൽഹിക്കു തിരിച്ചിട്ടുണ്ട്. നിലവിൽ മണിപ്പുർ നിയമസഭ മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
രണ്ട് വർഷത്തിനടുത്തായി സംസ്ഥാനത്തു തുടരുന്ന കലാപത്തിൽ ഇതുവരെയായി 250ൽ അധികം പേർക്ക് ജീവൻ നഷ്ടമായി. അക്രമങ്ങളും സംഘർഷവും നാൾക്കുനാൾ വർധിച്ചപ്പോഴും തടയിടാൻ മുഖ്യമന്ത്രി എന്ന നിലയിൽ ബിരേൻ സിങ് ഉണർന്നു പ്രവർത്തിച്ചില്ലെന്നു വ്യാപക വിമർശനം ഉയർന്നു. പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല പാർട്ടിയിലെ കുക്കി എംഎൽഎമാരും ഘടക കക്ഷി നേതാക്കളും ബിജെപിയിലെ ചില എംപിമാരടക്കമുള്ളവരും വിമർശനം ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രിയെ മാറ്റണമെന്നു ആവശ്യപ്പെട്ട് കുക്കി എംഎൽഎമ്മാർ നിരവധി തവണ കേന്ദ്ര നേതൃത്വം നേരിൽ കണ്ടെങ്കിലും ബിരേൻ സിങിന്റെ കസേര മാത്രം ഇളകിയില്ല. പക്ഷേ ഇത്തവണ കേന്ദ്രവും കൈവിട്ടതോടെ രാജി അനിവാര്യമായി.
നവംബറിൽ എൻഡിഎ സഖ്യകക്ഷിയായിരുന്ന നാഷണൽ പീപ്പിൾസ് പാർട്ടി സഖ്യം വിട്ട് പ്രതിപക്ഷത്തേക്ക് പോയതും തിരിച്ചടിയായി. കലാപം തടയുന്നതിൽ ബിരേൻ സിങ് പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് എൻപിപി പിന്തുണ പിൻവലിച്ചത്. പിന്നാലെ സഖ്യകക്ഷിയായ ജെഡിയുവും പിന്തുണ പിൻവലിച്ചത് വലിയ തിരിച്ചടിയായി. ഇതോടെയാണ് ഇപ്പോൾ കേന്ദ്രവും ബിരേൻ സിങിനെ കൈയൊഴിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates