58 വർഷം മുമ്പ് മേയ് മാസത്തിൽ ഉയർന്ന ഇടിമുഴക്കം നിലയ്ക്കുമ്പോൾ

ആളുകൾ എവിടെ നിൽക്കുന്ന എന്ന് കണ്ടറിഞ്ഞുള്ള യുദ്ധമുറകളും നിരീക്ഷണ സംവിധാനങ്ങളുമുള്ള കാലത്ത് പഴയ ഗറില്ലാ യുദ്ധമുറയും കാൽപ്പനിക മുദ്രാവാക്യങ്ങളും രക്തസാക്ഷിത്വം വരിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അതേറ്റെടുക്കാൻ ആളുകൾ കൂടി ഇല്ലാതാകുന്നതോടെ ചരിത്രത്തിൽ ആവർത്തനമുണ്ടാകാതെ അത് അവസാനിക്കും.
CPI Maoist, anti - Maoist operation<, Indian Maoist history
CPI Maoist- സി പി ഐ മാവോയിസ്റ്റ് ഫയൽ ചിത്രം
Updated on
7 min read

ഡ്രോൺ യുദ്ധത്തിന്റെയും എരിയൽ സർവെയിലൻസിന്റെയും കാലഘട്ടത്തിൽ കാലഹരണപ്പെടുന്ന "ജനകീയ യുദ്ധം". 58 വർഷം പിന്നിടുന്ന ഇന്ത്യയിലെ നക്സൈലറ്റ്, മാവോയിസ്റ്റ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. 1967 മെയ് മാസത്തിൽ ആരംഭിച്ച്, അര നൂറ്റാണ്ടിലധികം നീളുന്ന ചരിത്രത്തിൽ ഒരു പക്ഷേ, ആദ്യമാവും സൈദ്ധാന്തിക- സൈനിക വീക്ഷണങ്ങളെ നിഷ്പ്രഭമാക്കുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്. ഗ്രാമങ്ങൾ നഗരങ്ങളെ ചുറ്റി വളയുന്ന ജനകീയ യുദ്ധം, ഡ്രോൺ സർവൈലൻസ് കാലഘട്ടത്തിൽ എത്രത്തോളം പ്രയോഗികമാണെന്ന ചോദ്യം അവഗണിക്കാൻ പറ്റാത്ത യഥാർഥ്യമായി എന്നാണ് ചുവപ്പൻ ഇടനാഴിയിൽ നിന്നുള്ള വാർത്തകൾ നൽകുന്ന സൂചന. തറ നിരപ്പിൽ നിന്നും അഞ്ച് സെന്റിമീറ്റർ ഉയരത്തിൽ വരെയുള്ള സ്ഥലകാല പരിസരം ഉപഗ്രഹ ചിത്രങ്ങൾ ഇടതടവില്ലാതെ സംഭരിക്കാൻ പറ്റുന്ന ഭൗതിക സാഹചര്യം ഇന്നൊരു സയൻസ് ഫിക്ഷൻ അല്ല. ഛത്തീസ്ഗഡ് ഉൾപ്പെടുന്ന ചുവപ്പൻ ഇടനാഴിയിൽ നിന്നും വരുന്ന വാർത്തകൾ പറയുന്നതും മറ്റൊന്നല്ല.

സിപിഐ മാവോയിസ്റ്റ് (CPI Maoist)പാർട്ടിയുടെ ജനറൽ സെക്രട്ടറി അടക്കമുള്ളവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് നക്സൽബാരിയുടെ, 58 മത്തെ വാർഷികം കടന്നു പോവുന്നത്. 2026 മാർച്ചിൽ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നതിനൊപ്പമാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ സൈനികമായും അല്ലാതെയും സജീവമായി നടക്കുന്നത്.

മാർക്സിനെ തിരുത്തുന്ന മാവോയിസ്റ്റുകൾ

ചരിത്രം ആവർത്തിക്കുന്നതിനെക്കുറിച്ച് ജർമ്മൻ തത്വചിന്തകനായ ജോർജ് വില്യം ഫെഡറിക് ഹെഗലിനെ തിരുത്തിക്കൊണ്ട് കാൾമാർക്സ് എഴുതി, "ലോകചരിത്രത്തിൽ മഹത്തായ എല്ലാ സംഭവങ്ങളും വ്യക്തിത്വങ്ങളും രണ്ടുതവണ സംഭവിക്കുന്നുവെന്ന് ഹെഗൽ ഒരിക്കൽ അഭിപ്രായപ്പെട്ടു, എന്നാൽ ആദ്യതവണ അവ ദുരന്തങ്ങളായും രണ്ടാമത്തേത് പ്രഹസനമായും സംഭവിക്കുമെന്ന് കൂട്ടിച്ചേർക്കാൻ അദ്ദേഹം മറന്നു.". മാർക്സ് ബ്രൂമേയർ 18 എന്ന ചുരുക്കി അറിയപ്പെടുന്ന The Eighteenth Brumaire of Louis Bonaparte എന്ന ലേഖനത്തിലാണ് മാർക്സ് ഇക്കാര്യം പറഞ്ഞത്. എന്നാൽ, ആ മാ‍ർക്സിനെ തിരുത്തിക്കൊണ്ടാണ് മാർക്സിന്റെ അനുയായികളായ ഇന്ത്യൻ മാവോയിസ്റ്റുകൾ. അവരുടെ പോരാട്ടങ്ങൾ ആരംഭിച്ച 1967 മെയ് 25 മുതൽ 2025 മെയ് 25 വരെയുള്ള അഞ്ചരപ്പതിറ്റാണ്ടിലേറെയുള്ള കാലഘട്ടമെടുത്താൽ സംഭവങ്ങൾ ഇടവിട്ട് ആവർത്തിക്കുകയും അത് ദുരന്തത്തിൽ കലാശിക്കുകയും ചെയ്യുന്ന ചരിത്രം കണ്ടുകൊണ്ടേയിരിക്കുന്നു.

കാലത്തോട് ഇടപഴകുന്ന രീതിയിൽ ആരംഭിക്കുകയും അതിൽ നിന്ന് കാൽപ്പനികതയുടെയും സൈദ്ധാന്തിക ശാഠ്യങ്ങളുടെയും രാവണൻകോട്ടകളിൽ വീണുപോകുകയും ചെയ്ത സംഘടനാചരിത്രം കൂടി ആ പുതുലോകസ്വപ്നക്കാരുടെ ഏടുകളിൽ കാണാനാകും. ഇന്ത്യൻ മാവോയിസ്റ്റുകളുടെ (അവർ മാവോയിസ്റ്റ് എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പും അതിനു ശേഷവും) വന്ന എല്ലാ ഭരണകൂടങ്ങളും സ്വീകരിച്ചിട്ടുള്ള അടിച്ചമർത്തൽ സമീപനം ഓരോ വർഷം കഴിയുന്തോറും വർദ്ധിച്ചുവരുന്നത് കാണാം. രാഷ്ട്രീയ പരിഹാരമാണ് ഈ വിഷയത്തിൽ കാണേണ്ടതെന്ന മനുഷ്യാവകാശ, ജനാധിപത്യ സംഘടനകളുടെയൊന്നും ആവശ്യങ്ങൾ ഒരിക്കലും ആരും പരിഗണിച്ചിട്ടില്ല. 1967 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഏറ്റുമുട്ടലുകളുടെയും കൊലപാതങ്ങളുടെയും നീണ്ട ചരിത്രം കൂടെ അതിന് പറയാനുണ്ടാകും. മാവോയിസ്റ്റുകൾ, പൊലീസ്, അർദ്ധ സൈനികർ, സൈനികർ, മറ്റ് രാഷ്ട്രീയ പാർട്ടി അംഗങ്ങൾ ഇതിലൊന്നും ഉൾപ്പെടാത്ത സാധാരണക്കാരായ നിരവധി മനുഷ്യർ അങ്ങനെ ഒട്ടേറെ മനുഷ്യജീവനുകൾ നഷ്ടമായി.

ചരിത്രത്തിലേക്കുള്ള വഴി

നകസ്ൽബാരിയുടെ ചരിത്രത്തിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നിന്ന് മാത്രമേ അത് തുടങ്ങാൻ പറ്റുകയുള്ളൂ. സി പി ഐ എന്നറിയപ്പെടുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 1950 കൾ മുതൽ തന്നെ ദേശീയവും സാ‍ർവ്വദേശീയവുമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉയർന്നു വന്നിരുന്നു. സാർവദേശീയ തലത്തിലെ ഗ്രേറ്റ് ഡിബേറ്റിൽ തുടങ്ങി ദേശീയ ബൂർഷ്വാസിയാണോ കോബ്രദോർ ബൂർഷ്വാസിയാണോ ഇന്ത്യയിലേത്, അവരോട് എന്ത് നിലപാട് സ്വീകരിക്കണം എന്നതുവരെ വരെ ചർച്ചയുടെ മൂർച്ച കൂട്ടിക്കൊണ്ടിരുന്നു. ഈ ചർച്ചയുടെ മൂർദ്ധന്യത്തിൽ രണ്ട് പ്രധാന സംഭവങ്ങളിൽ ആദ്യത്തേത് സി പി ഐയുടെ ആറാം പാർട്ടി കോൺഗ്രസാണ്. 1961ൽ വിജയവാഡയിൽ നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്നറിയപ്പെടുന്ന സി പി ഐയുടെ പാർട്ടികോൺഗ്രസിൽ എസ് എ ഡാങ്കെയുടെ താൽപ്പര്യപ്രകാരം അജയ്ഘോഷ് അവതരിപ്പിച്ച ദേശീയ ജനാധിപത്യ വിപ്ലവം എന്ന രേഖ എതിർപ്പുകൾക്കിടെ അംഗീകരിച്ചു. ഭാവിയിലെ പിള‍ർപ്പിലേക്കുള്ള ആദ്യത്തെ വെട്ടായിരുന്നു ആ രേഖ. തൊട്ടുപിന്നാലെ ഇന്ത്യാ - ചൈന യുദ്ധം സംഭവിക്കുന്നത്. അന്ന് സി പി ഐയിലുണ്ടായിരുന്ന ഡാങ്കേ വിരുദ്ധരായവരിൽ ഭൂരിപക്ഷവും ജയിലിലായി. പിന്നീട് സി പി ഐ എം എൽ രൂപീകരിക്കുന്ന ചാരുമജൂംദാറും ഈ സമയത്ത് ജയിലിലായി. കേരളത്തിൽ അങ്ങനെ ജയിലിലായവരിൽ പ്രമുഖനായൊരാൾ പിന്നീട് കേരള മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെയായ വി എസ് അച്യുതാനന്ദൻ ആയിരുന്നു. ഇന്ത്യാ ചൈന യുദ്ധകാലത്ത് തന്നെയാണ് ഡാർജിലിങ്ങിലെ വിവിധ പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികളായ ഗോത്രവിഭാഗങ്ങളിലെ തൊഴിലാളികൾ തങ്ങളുടെ അതിജീവനത്തിനായി സമരം ആരംഭിക്കുന്നത്. ചൈന യുദ്ധത്തെ തുടർന്നു ജയിലിലടയയ്ക്കപ്പെട്ട ബി ടി രണദിവെ, പി. സുന്ദരയ്യ തുടങ്ങിയ നേതാക്കളുൾപ്പടെയുള്ളവരെ ജയിൽ മോചിതരാക്കണം എന്ന് ന്യൂ ഏജ് ചീഫ് എഡിറ്റർ ആയിരുന്ന ഇ എം എസ് എഴുതി നൽകിയ പ്രസ്താവന പോലും പ്രസിദ്ധീകരിക്കാൻ സി പി ഐ നേതൃത്വം അനുവദിച്ചില്ല. ഇങ്ങനെ സിപി ഐയ്ക്കുള്ളിൽ കാര്യങ്ങൾ മുറുകുന്നതിനിടെയാണ് 1964 ഏപ്രിൽ നടന്ന ദേശീയ സമിതി യോഗത്തിൽ നിന്ന് 32 പേർ ഇറങ്ങിവന്നു. അവർ പിന്നീട് സി പി ഐ ( എം) എന്ന പാർട്ടി രൂപീകരിച്ചു. സി പി ഐ ( എം) പിന്നീട് സി പി എം എന്ന ചുരുക്കി അറിയപ്പെടാൻ കൂടി തുടങ്ങി.

സി പി ഐ യിലെ പിളർപ്പിന് കാരണമായ സംവാദം സി പി എം രൂപീകരണത്തിന് ശേഷവും ആ പാർട്ടിക്കുള്ളിൽ നടന്നു കൊണ്ടിരുന്നു. അതിനിടയിൽ ബംഗ്ലാ കോൺഗ്രസ് , ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് , സി പി എം എന്നിങ്ങനെ 14 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഐക്യമുന്നണി ബംഗാളിൽ അധികാരത്തിലെത്തി. ജ്യോതിബസു, ഹരേകൃഷ്ണകോനാർ എന്നിവർ മന്ത്രിമാരായി. കർഷകത്തൊഴിലാളി പ്രശ്നം ഭൂരഹിതരുടെ പ്രശ്നങ്ങളും രൂക്ഷമാകുകയയായിരുന്നു.

Basava Raju
ബസവ രാജു കൊല്ലപ്പെട്ട സിപി ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിസ്ക്രീൻഷോട്ട്

തേയിലത്തോട്ടങ്ങളിൽ ഗണ്യമായ എണ്ണം തൊഴിലാളികളുണ്ടായിരുന്നു, അവരിൽ ഭൂരിഭാഗവും തേയിലത്തോട്ട ഉടമകളുടെ മിച്ചഭൂമിയിൽ ജോലി ചെയ്തിരുന്ന ഗോത്രവർഗക്കാരായിരുന്നു. പാട്ടക്കാരായിരുന്നവരെയും തോട്ടം തൊഴിലാളികളുമായവരെ പലപ്പോഴും തൊഴിലുടമകൾ പിരിച്ചുവിടുകയും അവരെ വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സിപിഎമ്മിലെ ഇവിടുത്തെ നേതാക്കൾ തേയിലത്തോട്ട തൊഴിലാളികളും കർഷകരുടെ പോരാട്ടത്തിനൊപ്പം ചേർന്നു.

നക്സൽബാരി -കിഴക്കൻ ചക്രവാളത്തിലെ വസന്തത്തി​ന്റെ ഇടിമുഴക്കം

ഇതിനിടയിൽ ബിഗുൽ കിഷൻ എന്നൊരു പാട്ടക്കാരനെ ജന്മി പുറത്താക്കി. കോടതി വിധി ബിഗുൽ കിഷന് അനുകൂലമായിരുന്നിട്ടും അയാളെയും കുടുംബത്തെയും പുറത്താക്കുമ്പോൾ സി പി എം ഉൾപ്പെട്ട സർക്കാർ ബംഗാൾ ഭരിക്കുകയാണ്. ഈ സമയമാകുമ്പോൾ ചൈന യുദ്ധകാലത്ത് ജയിലിൽ ഏകാന്ത തടവിലാക്കപ്പെട്ടിരുന്ന ചാരുമജൂംദാർ ജയിൽ മോചിതനായി. ഇതേ സമയം സിലിഗുരിയിലെ വിവിധ പ്രദേശങ്ങളിൽ തോട്ടം തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ഭൂരഹിത കർഷകർ എന്നിവർ സമരം ആരംഭിച്ചു. 1967 ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജംഗൾ സന്താളും സി പി എം സംസ്ഥാന കമ്മിറ്റയംഗമായിരുന്ന സൗരൺബോസും ഈ സമരമേഖലകളിലെ മണ്ഡലങ്ങളിൽ തോൽവിയടഞ്ഞു. 1967 ആയപ്പോഴേക്കും ഇവിടുത്തെ സമരം ശക്തമായി. സി പി എം ബംഗാൾ സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രമോദ് ദാസ് ഗുപ്ത ഉൾപ്പെട്ടവർ ചേർന്ന് 1967 മാർച്ച് 18 ന് യോഗം ചേർന്ന് സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

എന്നാൽ സമരരീതി സംബന്ധിച്ച് തർക്കം ഉടലെടുത്തു. കാരണം, ഇതേ സമയം ചാരു മജൂംദാറിനെയും കന്യുസന്യാലിനെയും അനുകൂലിക്കുന്നവർ നടത്തിയ പ്രവർത്തനഫലമായി മാ‍ർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലയവളിൽ തൊഴിലാളികളെ സംഘടിതരാക്കുകയും കർഷസമിതികൾ രൂപീകരിച്ച് അവരുടെ പണിയായുധങ്ങളാൽ സായുധരാക്കുകയും ചെയ്തു. ഇരുപതിനായരത്തോളം പേർ ഇതിലുണ്ടായിരുന്നതായി കനുസന്യാൽ പിന്നീട് അവകാശപ്പെട്ടിട്ടുണ്ട്. കർഷക സമിതികൾ കള്ളക്കടങ്ങൾ ഈടാക്കുന്നതിനെതിരെ രംഗത്ത് വന്നു. ഭൂവുടമകളുടെ തോക്കുകൾ പിടിച്ചെടുത്തു, അങ്ങനെ മുന്നോട്ടുപോകുന്ന സാഹചര്യം എത്തിയപ്പോൾ സായുധ സമരം പാടില്ലെന്ന നിലപാട് ജ്യോതിബസു വ്യക്തമാക്കി, അതിന് ശേഷം പ്രമോദ് ദാസ് ഗുപ്തയും ഇതിൽ നിന്ന് പിന്മാറി. സമരം ശക്തമാകുകയും ഭൂരഹിത കർഷകരും തൊഴിലാളികളും ചേർന്ന് നടത്തിയ പ്രതിഷേധ റാലിക്ക് നേരെ 1965 മെയ് 25 ന് പൊലീസ് വെടിവെയ്പ് നടത്തി. രണ്ട് കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു. ഇതോടെ സമരത്തിന് അനുകൂലമായ വികാരം രാജ്യത്തെ പല പ്രദേശങ്ങളിലേക്ക് ആളിപടർന്നു.

മെയ് മാസം 25 ന് നടന്ന വെടിവെയ്പ്പും തുടർന്നുള്ള സംഭവങ്ങളും സി പി എമ്മിനുള്ളിലും കലാപത്തിന് തിരികൊളുത്തി. 1967 ജൂൺ 20-ന് സിപിഎം പൊളിറ്റ്ബ്യൂറോ സംഘടനാ കാര്യങ്ങളിൽ അംഗീകരിച്ച ഒരു പ്രമേയത്തിൽ, "ചില വ്യക്തിഗത പാർട്ടി അംഗങ്ങളുടെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ നടത്തുന്നത് " പാർട്ടിയിലെ ഒരു രാഷ്ട്രീയ പ്രവണതയല്ല, മറിച്ച് പാർട്ടി പരിപാടിയെയും കേന്ദ്ര കമ്മിറ്റി പാസാക്കിയ പ്രമേയത്തെയും നിർദ്ദേശത്തെയും വെല്ലുവിളിക്കുന്ന സാഹസികമായ ലൈനും പ്രവർത്തനങ്ങളും നടത്തുന്ന പാർട്ടി വിരുദ്ധ ഗ്രൂപ്പായി സ്വയം സംഘടിച്ചിരിക്കുന്നവരാണ്" എന്ന് പ്രഖ്യാപിച്ചു. "സംസ്ഥാന സെക്രട്ടറിമാർ, പ്രത്യേകിച്ച് പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റ്, അവരെ ഉടൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ" പ്രമേയം നിർദ്ദേശിച്ചു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 19 അംഗങ്ങളെ സിപിഎമ്മിൽ നിന്ന് പുറത്താക്കി.

ഡാർജിലിംഗിൽ വിമത പ്രവർത്തനങ്ങൾ തുടർന്നതോടെ, ഒരു പ്രധാന സംഭവവികാസം നടന്നു. 1967 ജൂൺ 28-ന് റേഡിയോ പീക്കിംഗ് നക്സൽബാരി സംഭവങ്ങളെ "മാവോ സേ-തുങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ജനത ആരംഭിച്ച വിപ്ലവകരമായ സായുധ പോരാട്ടത്തിന്റെ മുൻകൈ" എന്ന് വിശേഷിപ്പിച്ചു. ഐക്യമുന്നണി സർക്കാരിനെ "ജനങ്ങളെ വഞ്ചിക്കാനുള്ള ഇന്ത്യൻ പിന്തിരിപ്പന്മാരുടെ ഉപകരണം" എന്നും വിശേഷിപ്പിച്ചു. കിഴക്കൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം എന്ന് ചൈനീസ് റേഡിയോ വിലയിരുത്തി.

അപ്പോഴേക്കും നക്സൽബാരി ഇന്ത്യയിലൊട്ടാകെ ചർച്ചാ വിഷയമാകുകയും കേരളം മുതൽ കശ്മീർ വരെ പല സ്ഥലങ്ങളിലും സി പി എമ്മിലെ നേതാക്കളും കേഡർമാരും നകൽബാരിയോട് അനുഭാവം പ്രകടിപ്പിച്ചു. പിന്നീട് രാഷ്ട്രീയ ചരിത്രത്തിൽ ഏറെ സുപരിചിത പേരുകളായി മാറിയ കുന്നിക്കൽ നാരായണൻ, ഫിലിപ്പ് എം പ്രസാദ്, നാഗിറെഡ്ഢി, ചന്ദ്രപുല്ലറെഡ്ഢി, ബീഹാറിൽ സത്യനാരയണ ദാസ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി നേതാക്കളും പ്രവർത്തകരും ഇതിനെ അനുകൂലിച്ചു രംഗത്തെത്തി. ഈ നിലപാടിന് പിന്തുണയുമായി രംഗത്തെത്തിയ വിവിധ പ്രദേശങ്ങളിലുള്ളവരെ ഉൾപ്പെടുത്തി എങ്ങനെ മുന്നോട്ടുപോകണം എന്നായി ആലോചന. ഇക്കാര്യം തീരുമാനിക്കുന്നതിനായി 1968 മെയ് 14ന് ഓൾ ഇന്ത്യ കോ ഓർഡിനേഷൻ കമ്മിറ്റി ഫോർ കമ്മ്യൂണിസ്റ്റ് റവല്യൂഷണറീസ് (AICCCR) എന്ന ഗ്രൂപ്പ് രൂപീകരിച്ചു. ഇവരുടെ മുഖപത്രമായി ദേശഭക്ത്രിയും ലിബറേഷനും പ്രസിദ്ധീകരിച്ചു. ഇതിലൂടെ അവർ തങ്ങളുടെ നിലപാട് വ്യക്തമാക്കി. സായുധസമരം, താവള പ്രദേശങ്ങൾ രൂപീകരിച്ചു കൊണ്ട് ചൈനീസ് മോഡലിലുള്ള വിപ്ലവം, എന്നിവയായിരുന്നു അവരുടെ നിലപാട്. വ‍ർഗബഹുജന സംഘടനകൾ തിരുത്തൽ വാദത്തിലേക്കുള്ള രാജപാതയാണെന്ന് നിലപാട് സ്വീകരിച്ച എ ഐ സി സി ആർ1969 ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.

എ ഐ സി സി സി ആറിൽ പുതിയ പാർട്ടി രൂപീകരിക്കണമെന്നും തൽക്കാലം വേണ്ടെന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്നു വന്നു. എന്നാൽ, പാർട്ടി രൂപീകരിക്കണമെന്ന വാദത്തിന് മുൻകൈ കിട്ടി. 1969 ഏപ്രിൽ 22ന് ലെനി​ന്റെ ജന്മദിനത്തിൽ (1870 ഏപ്രിൽ 22 ആയിരുന്നു ലെനി​ന്റ ജനനം) കൊൽക്കത്ത മോണിമെന്റ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ കനു സന്യാൽ പാർട്ടി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് - ലെനിനിസ്റ്റ്) അഥവാ സി പി ഐ (എംഎൽ) എന്ന് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടെ പുതിയ പാർട്ടി നിലവിൽ വന്നു. ലെനിനിസ്റ്റ് സിദ്ധാന്തത്തിൽ അടിയുറച്ച് നിൽക്കുമെന്നും മാവോ ചിന്തയിൽ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച പാർട്ടി രൂപീകരണം നടക്കുന്നത് ലെനിൻ ജന്മശതാബ്ദി വർഷത്തിലേക്ക് കടക്കുമ്പോഴായിരുന്നു എന്ന പ്രത്യേതകതയുമുണ്ട്.

വിപ്ലവത്തിന് സാഹചര്യമുണ്ടെങ്കി. ഒരു തീപ്പൊരി മാത്രം മതി എന്ന നിലയിലായിരുന്നു സി പി ഐ എം എൽ നേതാക്കളുടെ നിലപാട്. അവരുടെ സായുധ നിലപാടുകൾ പലഭാഗങ്ങളിലായി പടർന്നു പിടിച്ചു. 1971 ആയപ്പോൾ ഇന്ത്യാ ഗവൺമെന്റ് ഓപ്പറേഷൻ സ്റ്റീപ്പിൾ ചേസ് എന്ന നക്സലൈറ്റ് അടിച്ചമർത്തൽ നടപടി പ്രഖ്യാപിച്ചു. ഇന്ത്യൻ സൈന്യവും അർദ്ധസൈനിക വിഭാഗവും സംസ്ഥാന പൊലീസും രംഗത്തിറങ്ങി. തുടർന്ന നടന്ന സംഭവവികാസങ്ങളിൽ നിരവധി നക്സലൈറ്റ് നേതാക്കളും പ്രവർത്തകരും കൊല്ലപ്പെട്ടു. നിരവധി പേർ തടവിലാക്കപ്പെട്ടു. 1971 മുതൽ ജൂൺ മുതൽ ഓഗ്സറ്റ് വരെ 45 ദിവസമായിരുന്നു ഓപ്പറേഷൻ സ്റ്റീപ്പിൾ ചേസിലെ പ്രധാന ദിവസങ്ങൾ. ഇതിനിയിൽ ഒട്ടനേകം പേർ ക്രൂരമായ മർദ്ദനത്തിനിരയായി. .ഇതിനിടയിൽ കസ്റ്റഡിയിലായ ചാരുമജൂംദാർ പൊലീസ് മർദ്ദനത്തെ തുടർന്ന് 1972 ജൂലൈയിൽ ജയിലിൽ വച്ച് മതിയായ ചികിത്സ കിട്ടാതെ മരണമടഞ്ഞു.

പുനഃസംഘടനയുടെ നാളുകൾ, ഭിന്നിപ്പി​ന്റെയും

അടിച്ചമർത്തലിൽ ചിതറിയ പാർട്ടി വീണ്ടും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. ഇതോടെ വീണ്ടും അടിച്ചമർത്തൽ ശക്തമായി. സിപി ഐ എം എല്ലിലും പിളർപ്പുണ്ടാകുന്നു. ആന്ധപ്രദേശ് കേന്ദ്രീകരിച്ചും ബംഗാൾ കേന്ദ്രീകരിച്ചും രണ്ട് ഭാഗമായി. ഇന്ത്യൻ വിപ്ലവത്തെ സംബന്ധിച്ച് രണ്ട് സമീപനം ആയിരുന്നു ഈ പിളർപ്പിന് പിന്നിൽ. പക്ഷേ രണ്ട് വിഭാഗത്തെിനെതിരെയും ഭരണകൂട അടിച്ചമർത്തൽ തുടർന്നു. ഇതിനിടയിൽ കൂടി കെ ജി സത്യമൂർത്തിയും കൊണ്ടപ്പള്ളി സീതാരാമ്മയ്യും കൂടി വീണ്ടും നക്സലൈറ്റ് പ്രസ്ഥാനം പുനഃ സംഘടിപ്പിച്ചു. സി പി ഐയിലും സി പി എമ്മിലും പ്രവർത്തിച്ചിരുന്ന കൊണ്ടപ്പള്ളി, ഇടക്കാലത്ത് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയും പിന്നീട് സി പി ഐ എം എല്ലിലൂടെ വീണ്ടും സജീവമാകുകയും ചെയ്തു. 1972 ൽ സിപി ഐ എം എൽ കേന്ദ്രകമ്മിറ്റിയിലെത്തിയ അദ്ദേഹം അടിയന്തരാവസ്ഥയ്ക്ക് ശേഷം പാർട്ടിയിൽ നിന്ന് അകന്നു. 1980കളിൽ പീപ്പിൾസ് വാർ ഗ്രൂപ്പ് ( പി ഡബ്ല്യു ജി) രൂപീകരിച്ചു കൊണ്ട് വീണ്ടും സജീവമായി. ഇതേ സമയം തന്നെ മറ്റ് സംസ്ഥാനങ്ങളിൽ സി പി ഐ എ എല്ലിൽ വിവിധ ഗ്രൂപ്പുകൾ രൂപപ്പെട്ടു. സി പി ഐ എം എൽ എന്നതിനൊപ്പം ലിബറേഷൻ, ന്യൂ ഡെമോക്രസി, പീപ്പിൾസ് വാർ,നക്സൽബാരി, റെഡ്ഫ്ലാഗ്, ജനശക്തി, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ, പാർട്ടിയൂണിറ്റി എന്നിങ്ങനെ വിവിധ പാർട്ടികൾ രൂപം കൊണ്ടു. ഇവരിൽ പലരും സായുധസമരം ഉപേക്ഷിച്ചു. ജനാധിപത്യത്തിലെ പാത തേടിയവരുണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചവരുണ്ട്. അങ്ങനെ സമീപനം പലരീതിയിൽ മാറി. ഇതേസമയം, തന്നെ വിവിധ സംസ്ഥാനങ്ങൾ നക്സലൈറ്റ് അടിച്ചമർത്തലിന് പ്രത്യേക സേനയെ നിയോഗിക്കുകയും ഓപ്പറേഷൻ ഗ്രീൻ ഹണ്ട് പോലുള്ളവ നടത്തി ശക്തമായ അടിച്ചമർത്തൽ നടത്തുകയും ചെയ്തു.

മാവോയിസ്റ്റുകളുടെ മൂന്നാംവരവും സമൂഹത്തിലെ യാഥാർത്ഥ്യങ്ങളും

രണ്ടാം ഘട്ടത്തിലും ചിതറിപ്പോയ എംഎൽ പ്രസ്ഥാനങ്ങൾ വീണ്ടും സജീവമാകുന്നത് 2004 ലെ ഐക്യപ്പെടലിലൂടെയാണ്. മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും കൂടെ ലയിച്ച് സി പി ഐ മാവോയിസ്റ്റ് എന്ന പാർട്ടി രൂപീകരിക്കുന്നതിലൂടെയാണ്. ഇന്ത്യയിൽ പല പ്രദേശങ്ങളിലും അവർ ഇടമുണ്ടാക്കുകയും ചെയ്തു. 2014 ആയപ്പോൾ ഇവർക്കൊപ്പം സി പി ഐ നക്സൽബാരി എന്ന ഗ്രൂപ്പും ലയിച്ചു. മൻമോഹൻ സിങ് സർക്കാർ, മാവോയിസ്റ്റ് പാർട്ടി ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രഖ്യാപിച്ച് നടപടികൾ ആരംഭിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യു എ പി എ) സംഘടനയെ കേന്ദ്രസർക്കാർ നിരോധിക്കുകയും ചെയ്തു. മൻമോഹൻസിങ് സർക്കാരിന്റെ മൂന്ന് വർഷത്തിനുള്ളിൽ മാത്രം (2007-10) മുതിർന്ന നിരവധി നേതാക്കൾ കൊല്ലപ്പെട്ടു.

ബി ജെ പി അധികാരത്തിൽ വന്ന ശേഷം നടത്തിയ നീക്കങ്ങൾ മൻമോഹൻസിങ്ങിന്റെ യു പി എ സർക്കാർ തുടങ്ങി വച്ച നടപടികളുടെ തുടർച്ചയാണ്. ഈ നടപടികൾ സി പി ഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. 1972ൽ ചാരുമജൂംദാറിന് ശേഷം ഒരു ജനറൽ സെക്രട്ടറി കൊല്ലപ്പെടുന്നത് ഇപ്പോഴാണ്. കേന്ദ്ര നേതാക്കളിൽ പലരും കൊല്ലപ്പെട്ടു. പലകാരണങ്ങളാലാണ് ഇപ്പോൾ ഈ പ്രസ്ഥാനത്തിന്റെ ശക്തിക്ഷയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അവരുടെ നീക്കങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറാനും പൊലീസിനെയും മാവോയിസ്റ്റ് വിരുദ്ധ സേനയെയും മറികടന്ന് രക്ഷപ്പെടാനും അവർക്ക് നേരത്തെ സാധിച്ചിരുന്നത്. എന്നാൽ, നിരീക്ഷണവും ഇടപെടലും ശക്തിപ്പെടുത്തിക്കൊണ്ടാണ് സർക്കാർ ഇടപെടൽ ഉണ്ടായത്. ആകാശ നിരീക്ഷണങ്ങളും ഭൗമനിരീക്ഷണങ്ങളും ഒരു പോലെ ശക്തമായക്കിയതോടെ ഇവരുടെ സ്വതന്ത്രസഞ്ചാരം തടയപ്പെട്ടതോടെ കെണിയിൽപ്പെടുകയായിരുന്നു മാവോയിസ്റ്റുകൾ. ഈ സമയം തന്നെ സർക്കാർ സംവിധാനങ്ങൾ നടപടികൾ ശക്തമാക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ സംഭവങ്ങളിലായി മാവോയിസ്റ്റുകൾക്ക് നിരവധി മുതിർന്ന നേതാക്കളെയും കേഡറുകളെയും നഷ്ടമായിരുന്നു.

ഇന്ത്യയുടെ ഭൗതിക സാഹചര്യത്തിൽ വന്ന മാറ്റം മാവോയിസ്റ്റ് പാർട്ടിക്ക് അണികളെ ലഭിക്കുന്നതിനും തടസ്സമായി മാറി. മുൻകാലങ്ങളിൽ ദരിദ്ര,ഭൂരഹിത കർഷകരും കർഷകത്തൊഴിലാളികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരുമാ യിരുന്നു ഇവരുടെ പ്രധാന ശക്തി. എന്നാൽ, ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള തൊഴിൽ കുടിയേറ്റങ്ങൾ ശക്തമായതോടെ ഇവരുടെ ശക്തിസ്രോതസ്സായിരുന്ന ജനവിഭാഗങ്ങൾ തൊഴിൽതേടി പോയി തുടങ്ങി. പുതിയ തലമുറയിൽ പെട്ടവർ മുഖ്യധാര രാഷ്ട്രീയ പാർട്ടികളോട് പോലും അധികം സജീവമാകാതെ പോകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ പൊതുവിൽ പുതിയ തലമുറ പിന്തുണയും മാവോയിസ്റ്റുകൾക്ക് ലഭ്യമല്ല.

ആളുകൾ എവിടെ നിൽക്കുന്ന എന്ന് കണ്ടറിഞ്ഞുള്ള യുദ്ധമുറകളും നിരീക്ഷണ സംവിധാനങ്ങളുമുള്ള കാലത്ത് പഴയ ഗറില്ലാ യുദ്ധമുറയും കാൽപ്പനിക മുദ്രാവാക്യങ്ങളും രക്തസാക്ഷിത്വം വരിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അതേറ്റെടുക്കാൻ ആളുകൾ കൂടി ഇല്ലാതാകുന്നതോടെ ചരിത്രത്തിൽ ആവർത്തനമുണ്ടാകാതെ അത് അവസാനിക്കും. "ആളുകൾ സ്വന്തം ചരിത്രം സൃഷ്ടിക്കുന്നു, പക്ഷേ അവർ ആഗ്രഹിക്കുന്നതുപോലെ അത് സൃഷ്ടിക്കുന്നില്ല." എന്ന മാർക്സിന്റെ വാചകം തന്നെയാണ് ഇപ്പോഴും പ്രസക്തമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com