'അബദ്ധത്തില്‍ സംഭവിച്ചത്'; മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മെറ്റ ഇന്ത്യ

2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ നിലവിലുള്ള സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടുവെന്ന മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മെറ്റ ഇന്ത്യ
Mark Zuckerberg
മാര്‍ക്ക് സക്കര്‍ബര്‍ഗ്ഫയൽ
Updated on
2 min read

ന്യൂഡല്‍ഹി: 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ നിലവിലുള്ള സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടുവെന്ന മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മെറ്റ ഇന്ത്യ. അബദ്ധത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവ് ആണെന്നാണ് മെറ്റ ഇന്ത്യയുടെ വിശദീകരണം. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരമാര്‍ശവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് ഐടി പാര്‍ലമെന്ററി പാനലിന്റെ തലവനായ ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞതിന് പിന്നാലെയാണ് മെറ്റ ഇന്ത്യ ക്ഷമാപണം നടത്തിയത്.

ജോ റോഗന്‍ പോഡ്കാസ്റ്റില്‍ സക്കര്‍ബര്‍ഗ് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. 2024 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുള്‍പ്പെടെ നിലവിലുള്ള മിക്ക സര്‍ക്കാരുകളും പരാജയപ്പെട്ടുവെന്ന സക്കര്‍ബര്‍ഗിന്റെ വാദത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. സക്കര്‍ബര്‍ഗിന്റെ വാദം വസ്തുതാപരമായി തെറ്റാണെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചത്. '2024 ലെ തിരഞ്ഞെടുപ്പില്‍ പല അധികാരത്തിലിരിക്കുന്ന പാര്‍ട്ടികളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ല എന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിരീക്ഷണം നിരവധി രാജ്യങ്ങള്‍ക്ക് ബാധകമാണ്, പക്ഷേ ഇന്ത്യയ്ക്ക് അങ്ങനെയല്ല. അബദ്ധത്തില്‍ സംഭവിച്ച പിഴവിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. മെറ്റയ്ക്ക് ഇന്ത്യ ഇപ്പോഴും പ്രധാനപ്പെട്ട ഒരു രാജ്യമാണ്, അതിന്റെ നൂതന ഭാവിയുടെ കേന്ദ്രബിന്ദുവായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'- അശ്വിനി വൈഷ്ണവിന്റെ പോസ്റ്റിന് മറുപടിയായി മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രാല്‍ ട്വീറ്റ് ചെയ്തു.

ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ തെറ്റായ വിവരമാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും തെറ്റുപറ്റിയതിന്റെ പേരില്‍ പാര്‍ലമെന്റിനോടും രാജ്യത്തെ ജനങ്ങളോടും മെറ്റ മാപ്പു പറയേണ്ടതാണെന്നും നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു. ജനുവരി 10-ന് നടത്തിയ പോഡ് കാസ്റ്റിലാണ് ഫെയ്സ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഇഒയുമായ സക്കര്‍ബര്‍ഗ് വിവാദ പരാമര്‍ശം നടത്തിയത്.

കോവിഡ് മഹാമാരി, ലോകരാജ്യങ്ങളില്‍ നിലവില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നുമുള്ള സക്കര്‍ബര്‍ഗിന്റെ പരാമര്‍ശമാണ് വിവാദമായത്. സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തെ തിരുത്തി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്തത്. മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍, 64 കോടിയിലധികം വോട്ടര്‍മാരുമായി ഇന്ത്യ 2024 ലെ തെരഞ്ഞെടുപ്പ് നടത്തി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡഎയിലുള്ള വിശ്വാസം ഇന്ത്യയിലെ ജനങ്ങള്‍ വീണ്ടും ഉറപ്പിച്ചു.സക്കര്‍ബര്‍ഗിന്റെ പരാമര്‍ശങ്ങള്‍ തെറ്റായ വിവരമാണ്. മെറ്റാ വസ്തുതകളും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കണം. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണം മുതല്‍ കോവിഡ് കാലത്ത് 220 കോടി സൗജന്യ വാക്‌സിന്‍ സഹായം വരെ, ഇന്ത്യയെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി മാറ്റല്‍... പ്രധാനമന്ത്രി മോദിയുടെ നിര്‍ണായകമായ മൂന്നാം ടേം വിജയം നല്ല ഭരണത്തിനും പൊതുജന വിശ്വാസത്തിനും തെളിവാണ്. സക്കര്‍ബര്‍ഗില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ കാണുന്നത് നിരാശാജനകമാണ്.നമുക്ക് വസ്തുതകളും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കാം,' - അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com