

ന്യൂഡൽഹി: ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റയെ ഇനിമുതൽ ഒരു കേവല ഡിജിറ്റൽ ഇടനിലക്കാരനായി മാത്രം കാണാനാകില്ലെന്നും, അൽഗോരിതങ്ങൾ വഴി ഉള്ളടക്കങ്ങളുടെ പ്രചാരവും ദൃശ്യതയും കമ്പനി തന്നെ നിർണ്ണയിക്കുന്ന സാഹചര്യത്തിൽ അവരെ സേവനദാതാവായി മാത്രമേ കണക്കാക്കാനാകൂ എന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഒരു സേവന ദാതാവ് എന്ന നിലയിൽ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മെറ്റ ബാധ്യസ്ഥരാണെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ഐടി നിയമപ്രകാരമുള്ള നിയമപരിരക്ഷ മെറ്റയ്ക്ക് ലഭിക്കില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വിഷയത്തിൽ അന്തിമ നിയമവ്യാഖ്യാനം നൽകേണ്ടത് കോടതിയാണെങ്കിലും, ഉള്ളടക്കങ്ങൾ നിർണ്ണയിക്കുന്നതിൽ പ്ലാറ്റ്‌ഫോം നേരിട്ട് ഇടപെടുന്നതിനാൽ അവർക്ക് ഈ പരിരക്ഷയ്ക്ക് അർഹതയില്ലെന്നാണ് കേന്ദ്രത്തിന്റെ ഉറച്ച നിലപാട്. പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കമ്പനി തയ്യാറാകുന്നതോടെ, വരുംദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ അവർ ഉത്തരവാദിത്തം കാണിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ മൂലമുണ്ടാകുന്ന ആസക്തി, മാനസികാരോഗ്യ പ്രശ്നങ്ങൾ, കൃത്രിമമായ അൽഗോരിതങ്ങൾ, ദോഷകരമായ പോസ്റ്റുകൾ എന്നിവ സംബന്ധിച്ച് ആഗോളതലത്തിലും ഇന്ത്യയിലും സമൂഹമാധ്യമ കമ്പനികൾക്കെതിരെ അന്വേഷണങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നീക്കം. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ച മെറ്റ തുറന്നുസമ്മതിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) കീഴിലുള്ള സൈബർ ക്രൈം പോർട്ടലിലേക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ മെറ്റ ഔദ്യോഗികമായി സമ്മതിച്ചു. ഇതുവരെ യുഎസ് ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ വഴിയായിരുന്നു മെറ്റ ഇത്തരം വിവരങ്ങൾ കൈമാറിയിരുന്നത്. എന്നാൽ ഇനിമുതൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് നേരിട്ട് വിവരങ്ങൾ കൈമാറാൻ സന്നദ്ധത അറിയിക്കുന്ന ആദ്യത്തെ മുൻനിര ആഗോള ടെക് കമ്പനിയായി ഇതോടെ മെറ്റ മാറി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഒരു മൗലിക തത്വമാണെന്നും അതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലെ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ കടന്നുകൂടിയ സംഭവത്തിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നേരത്തെ മെറ്റയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇത്തരം പരസ്യങ്ങളും അനുബന്ധ ഉള്ളടക്കങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ ഉത്തരവിട്ട മന്ത്രാലയം, വിശദമായ വിശദീകരണവും ആവശ്യപ്പെട്ടു. തുടർന്ന് കമ്പനിയുടെ ആഗോള എക്സിക്യൂട്ടീവുകളുമായി മന്ത്രാലയം നടത്തിയ ചർച്ചകളിൽ, ഇത്തരം നിയമലംഘനങ്ങൾ സുരക്ഷിത താവള പരിരക്ഷയുടെ പരിധിയിൽ വരില്ലെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
ജൂലൈ മൂന്നിന് ദേശീയ ബാലാവകാശ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. മെറ്റ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ന് സംഭവത്തിൽ ഔപചാരിക അന്വേഷണം പ്രഖ്യാപിച്ച ബാലാവകാശ കമ്മീഷൻ, നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് മെറ്റ ഇന്ത്യ മാനേജിങ് ഡയറക്ടർക്ക് വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾ പാലിക്കാത്ത സമൂഹമാധ്യമ ഭീമന്മാർക്കെതിരെ വരുംദിവസങ്ങളിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates