'അല്‍പ്പമെങ്കിലും വിവേകം കാണിച്ചുകൂടേ? ഹൈക്കോടതിയില്‍ പോയി മാപ്പു പറയൂ'; കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപത്തില്‍ ബിജെപി മന്ത്രിക്കെതിരെ സുപ്രീം കോടതി

വിജയ് ഷാക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു
Colonel Sofiya Qureshi  and Vijay Shah
കേണല്‍ സോഫിയ ഖുറേഷി, മന്ത്രി വിജയ് ഷാ
Updated on
1 min read

ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. തനിക്കെതിരെ കേസെടുത്ത നടപടി ചോദ്യം ചെയ്ത് മധ്യപ്രദേശ് ബിജെപി മന്ത്രി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. വിജയ് ഷാക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്തുള്ള വിജയ് ഷായുടെ ഹർജി പരി​ഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകാത്തതാണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. ഭരണഘടനാ പദവി വഹിക്കുന്നയാള്‍ ആ പദവിയുടെ അന്തസ്സ് പുലര്‍ത്തണം. ഒരു മന്ത്രി ഉച്ചരിക്കുന്ന ഓരോ വാക്കും ഉത്തരവാദിത്തത്തോടെയായിരിക്കണം. എന്തു തരം പരാമര്‍ശമാണത്. നിങ്ങള്‍ അല്പം വിവേകം കാണിക്കണം. ഹൈക്കോടതിയില്‍ പോയി മാപ്പു പറയൂ എന്നും കോടതി അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ബിജെപി മന്ത്രിയുടെ ഹര്‍ജി പരിഗണിച്ചത്. താന്‍ വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ചതായി വിജയ് ഷാ കോടതിയെ അറിയിച്ചു. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണ്. മാധ്യമങ്ങള്‍ വളച്ചൊടിച്ച് പ്രസ്താവന വിവാദമാക്കിയതാണെന്നും ബിജെപി മന്ത്രി വാദിച്ചു. മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍, തന്റെ അറസ്റ്റ് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണമെന്നും വിജയ് ഷാ ആവശ്യപ്പെട്ടു.

ഒറ്റദിവസം കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, താങ്കള്‍ ആരാണെന്ന് താങ്കള്‍ക്ക് വ്യക്തമായി അറിയാമെന്നും, അറസ്റ്റ് തടയണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞു. കേസ് നാളെ പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം മന്ത്രി വിജയ് ഷായ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് അന്വേഷണം നേരിട്ട് വിലയിരുത്തുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം സത്യസന്ധമായിട്ടാണോ പോകുന്നതെന്ന് ഉറപ്പു വരുത്തുമെന്നും ഹൈക്കോടതി അറിയിച്ചു.

കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന് പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെട്ട മധ്യപ്രദേശ് ഹൈക്കോടതി, മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. തുടർന്ന് മാൻപൂർ പൊലീസ് മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com