'ചരിത്രം ഞങ്ങളെ എട്ടപ്പന്മാരായല്ല, കട്ടബൊമ്മന്മാരായാണ് വിലയിരുത്തുക'; മണ്ഡല പുനർനിർണയ ബില്ലിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി എംകെ സ്റ്റാലിൻ

ഒറ്റുകൊടുക്കുന്നയാൾ എന്ന അർഥത്തിലാണ് 'എട്ടപ്പൻ' എന്ന പ്രയോഗം ഉപയോഗിക്കപ്പെടുന്നത്
Rahul Gandhi MK Stalin
Rahul Gandhi MK Stalin
Edited By:
Updated on: 
2 min read

ചെന്നൈ: മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിനെ എതിർക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ചെന്നൈയിലെത്തുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വൈകാരികവും ശക്തവുമായ മറുപടിയുമായി തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ. തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താൽപ്പര്യങ്ങൾക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും, ചരിത്രം തങ്ങളെ 'എട്ടപ്പന്മാരായല്ല, കട്ടബൊമ്മന്മാരായാണ്' വിലയിരുത്തുകയെന്നും സ്റ്റാലിൻ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്കൊപ്പം മത്സരിച്ച് ജയിച്ച ശേഷം ടിവികെ മന്ത്രിസഭയിൽ അംഗമാകാനുള്ള കോണ്ഗ്രസ് തീരുമാനത്തെ തുടർന്ന് ഉടലെടുത്ത ഭിന്നതക്ക് തെല്ലും അയവുവന്നിട്ടില്ലെന്നാണ് സ്റ്റാലിൻറെ കുറിപ്പ് നൽകുന്ന സൂചന. ഇതേതുടർന്നായിരുന്നു ഇന്ത്യ സഖ്യം വിടാൻ ഡിഎംകെ തീരുമാനിച്ചത്. തമിഴ് മക്കളുടെ താത്പര്യം സംരക്ഷിച്ചു മാത്രമാകും നിലകൊള്ളുക എന്ന് ആവർത്തിക്കുക വഴി പ്രഖ്യാപിത നിലപാടിൽ നിന്നൊരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്ന സൂചനയും സ്റ്റാലിൻ നൽകുന്നു,

ഭരണഘടനയെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിൽ ഡിഎംകെ വഹിച്ച ചരിത്രപരമായ പങ്കിനെ അംഗീകരിച്ചതിന് 'സഹോദരൻ രാഹുൽ ഗാന്ധിക്ക്' ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നതായി സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ പാതയിൽ നിന്ന് ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും ചെന്നൈയിലേക്ക്

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകളെ എതിർക്കണമെന്ന് അഭ്യർഥിക്കാൻ താനും ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കളും ചെന്നൈയിലെത്തി എംകെ.സ്റ്റാലിനെയും ഡിഎംകെ നേതൃത്വത്തെയും കാണുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ അവസാനിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം തങ്ങൾക്ക് അനുകൂലമായി മാറ്റിവരയ്ക്കാൻ ബിജെപി-ആർഎസ്എസ് സഖ്യത്തിന് ഇത് പരിധിയില്ലാത്ത അവസരം നൽകുമെന്നും അദ്ദേഹം ആരോപിച്ചു. തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സഹോദരൻ സ്റ്റാലിൻ എപ്പോഴും പാറപോലെ ഉറച്ചുനിന്നിട്ടുണ്ടെന്നും, രാജ്യതാൽപ്പര്യത്തിനും തമിഴ്നാടിന്റെ താൽപ്പര്യത്തിനും ഭരണഘടനയെ സംരക്ഷിക്കുന്നതിനുമായി ഈ ബില്ലിനെ ഒന്നിച്ച് പരാജയപ്പെടുത്തേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.

ആരാണ് കട്ടബൊമ്മനും എട്ടപ്പനും?

തമിഴ് രാഷ്ട്രീയത്തിലും ചരിത്രത്തിലും ധീരതയുടെയും വഞ്ചനയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്ന രണ്ട് പേരുകളാണ് വീരപാണ്ഡ്യ കട്ടബൊമ്മനും എട്ടപ്പനും.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള പാഞ്ചാലംകുറിച്ചിയിലെ നാടുവാഴിയായിരുന്നു കട്ടബൊമ്മൻ. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ബ്രിട്ടീഷുകാർക്ക് കപ്പം (നികുതി) നൽകാൻ വിസമ്മതിക്കുകയും ഒന്നാം പാളയക്കാർ യുദ്ധത്തിൽ (1799) അവർക്കെതിരെ ധീരമായി പോരാടുകയും ചെയ്ത ഭരണാധികാരിയാണ് അദ്ദേഹം. ഒടുവിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായ കട്ടബൊമ്മനെ 1799 ഒക്ടോബർ 16-ന് കയത്താറിൽ വെച്ച് തൂക്കിലേറ്റി.

പാഞ്ചാലംകുറിച്ചിയുടെ അയൽപ്രദേശമായ എട്ടയപുരത്തെ ഭരണാധികാരിയായിരുന്നു എട്ടപ്പൻ (എട്ടപ്പ നായ്ക്കർ). കട്ടബൊമ്മനുമായുണ്ടായിരുന്ന പ്രാദേശിക തർക്കങ്ങളും വൈരാഗ്യവും കാരണം എട്ടപ്പൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി കൈകോർത്തു. പാഞ്ചാലംകുറിച്ചി കോട്ട വിട്ട് ഒളിവിൽ പോയ കട്ടബൊമ്മനെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടീഷുകാർക്ക് ചോർത്തി നൽകിയത് എട്ടപ്പനാണെന്ന് ചരിത്രരേഖകൾ പറയുന്നു

ഈ ചരിത്രസംഭവത്തെത്തുടർന്ന് 'എട്ടപ്പൻ' എന്ന പേര് സ്വന്തം നാടിനെയോ കൂട്ടാളികളെയോ ഒറ്റുകൊടുക്കുന്നയാൾ (വഞ്ചകൻ) എന്ന അർഥത്തിലുള്ള പ്രയോഗമായി മാറി. തമിഴ്നാടിന്റെ അവകാശങ്ങളെ ഒറ്റുകൊടുക്കുന്നവരല്ല, മറിച്ച് അവയ്ക്കായി അവസാനം വരെ പോരാടുന്നവരാണ് തങ്ങളെന്നാണ് സ്റ്റാലിൻ ഇതിലൂടെ വ്യക്തമാക്കുന്നത്.

Summary

Tamil Nadu Chief Minister M.K. Stalin thanked Rahul Gandhi for acknowledging the DMK's role in safeguarding state rights and asserted that history will judge his party as "Kattabommans and not Ettappans," responding to Gandhi's announcement that he and senior INDIA bloc leaders will visit Chennai to urge the DMK to oppose the delimitation constitutional amendment bills.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER