അഹമ്മദാബാദ്: ഗുജറാത്തില് വംശനാശ ഭീഷണി നേരിടുന്ന കഴുതപ്പുലിയെ ഒരു സംഘം ആളുകള് അടിച്ചു കൊന്ന ശേഷം തീകൊളുത്തി. കേസ് രജിസ്റ്റര് ചെയ്ത് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
അഹമ്മദാബാദ് സനന്ദ് താലൂക്കില് ബുധനാഴ്ച രാത്രിയാണ് സംഭവം. നാല് സരോവര് പക്ഷി സങ്കേതത്തില് നിന്ന് 35 കിലോമീറ്റര് അകലെയുള്ള കലാന ഗ്രാമത്തിലാണ് ചുട്ടുകരിച്ച നിലയില് കഴുതപ്പുലിയുടെ മൃതദേഹം കണ്ടെത്തിയത്.
വന്യമൃഗത്തെ ഒരു സംഘം ആളുകള് ചേര്ന്ന് ആക്രമിക്കുന്നത് ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായാണ് പ്രചരിച്ചത്. അടിച്ചുകൊന്ന ശേഷം ഒരു വടിയില് കെട്ടിയിട്ടു. തുടര്ന്നാണ് കത്തിച്ചത്.
സംഭവം അറിഞ്ഞ് ഒന്നര മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര് കഴുതപ്പുലിയുടെ മൃതദേഹം ആളിക്കത്തുന്നതാണ് കണ്ടത്. ഉടന് തന്നെ തീ അണച്ചു. പോസ്റ്റ്മോര്ട്ടത്തിനായി സനന്ദിലേക്ക് മാറ്റി. പ്രതികളെ ഉടന് പിടികൂടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര് പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സംരക്ഷിത മൃഗമാണ് കഴുതപ്പുലി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates