

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വഴക്കാളിയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ. അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിന്റെ ഡോര്‍ ടു ഡോര്‍ റേഷന്‍ വിതരണത്തെ എതിര്‍ത്ത കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് സിസോദിയ ഇങ്ങനെ പറഞ്ഞത്.
ഹോം ഡെലിവറി നടത്തുന്ന റേഷന്റെ വില ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഹോം ഡെലിവറി തെരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് പിന്നീട് കടയില്‍ നിന്ന് റേഷന്‍ എടുക്കാന്‍ കഴിയുമോ എന്നും
ഗുണഭോക്താവ് അവരുടെ വിലാസം മാറ്റിയാല്‍ എന്ത് സംഭവിക്കും, വിലാസങ്ങള്‍ പതിവായി അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ എന്നും കേന്ദ്രം ചോദിച്ചിരുന്നു.
'കേന്ദ്രത്തിന് വിലയെക്കുറിച്ച് ഞങ്ങളോട് ചോദിക്കാമായിരുന്നു, ഞങ്ങള്‍ അവരോട് പറയുമായിരുന്നു. ഈ സ്‌കീമിന് അനുവാദമില്ലെന്നാണ് അവര്‍ പറയുന്നു, പക്ഷേ ഞങ്ങള്‍ ഒരിക്കലും അംഗീകാരത്തിനായി അവര്‍ക്ക് അയച്ചില്ല. റേഷന്‍ വിതരണം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അവകാശമാണ്.'- സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'രാജ്യ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒരു വഴക്കാളി പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു. അദ്ദേഹം ആദ്യം ബംഗാള്‍ മുഖ്യമന്ത്രിയോട് കോര്‍ത്തു, പിന്നാലെ അവിടുത്തെ ചീഫ് സെക്രട്ടറിയോടും വഴക്കിട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും ട്വിറ്ററിനോടും ഫെയ്‌സ്ബുക്കിനോടും വഴക്കിടുന്നു. രണ്ട് ദിവസം മുന്‍പ് അദ്ദേഹം ഉറക്കം എഴുന്നേറ്റത് ഞങ്ങളോട് വഴക്ക് കൂടാനുള്ള മൂഡിലാണെന്ന് തോന്നുന്നു. അതുകൊണ്ട് ഇങ്ങനെയൊരു കത്ത് അയക്കാന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു'സിസോദിയ പറഞ്ഞു.
ബഹുനില കെട്ടിടങ്ങളില്‍ ഡോര്‍ ഡെലിവറി നടത്താന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രം ഡല്‍ഹിയ്ക്ക് അച്ച കത്തില്‍ പറയുന്നു. റേഷന്‍ ആനുകൂല്യം കൈപ്പറ്റുന്നതില്‍ ഭൂരിഭാഗവും പാവപ്പെട്ടവരും ദിവസക്കൂലിക്കാരുമാണ്. ട്രാഫിക് ജാമുകളില്‍ കുടുങ്ങി ഇവര്‍ക്ക് കൃത്യസമയത്ത് റേഷന്‍ ലഭിക്കാത്ത സാഹചര്യം വരുമെന്നും കേന്ദ്രം പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള വിശദീകരണങ്ങള്‍ ചിരിയുളവാക്കുന്നവയാണെന്ന് സിസോദിയ പരിഹസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates