ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും പ്രത്യേകം വർണങ്ങളിലുള്ള ഡ്രൈവിങ് ലൈസൻസുകൾ നൽകാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയംനിർദേശം മുന്നോട്ടുവെച്ചു. കേന്ദ്ര മോട്ടോർ വെഹിക്കിൾ ചട്ടങ്ങളിൽ ഭേദഗതി വരുത്താനുദ്ദേശിച്ച് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഈ പുതിയ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. പ്രായവും വിലാസവും തെളിയിക്കുന്നതിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോ നോട്ടറിക്കോ മുന്നിൽ സത്യവാങ്മൂലം സമർപ്പിക്കുന്ന രീതി ഒഴിവാക്കാനും മന്ത്രാലയം നിർദേശിക്കുന്നു.
കരട് വിജ്ഞാപനം അനുസരിച്ച്, ലൈസൻസിങ് അതോറിറ്റി നൽകുന്നതോ പുതുക്കുന്നതോ ആയ എല്ലാ ഡ്രൈവിങ് ലൈസൻസുകളും ഫോം 7 പ്രകാരമുള്ള ലാമിനേറ്റഡ് അല്ലെങ്കിൽ പിവിസി കാർഡുകളായിരിക്കും. ഇതിൽ ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും പ്രത്യേക ഫോർമാറ്റുകളും കളർ കോഡുകളും നിശ്ചയിക്കും. ലൈസൻസ് ഉടമയുടെ രക്തഗ്രൂപ്പ്, മൊബൈൽ നമ്പർ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട എമർജൻസി കോൺടാക്റ്റ് നമ്പറുകൾ എന്നിവ ലൈസൻസിൽ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കും.
ഡ്രൈവിങ് ലൈസൻസ് നടപടികളിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സേഫ് ഡ്രൈവിങ് ട്യൂട്ടോറിയൽ അസസ്സ്മെന്റിന്റെ യോഗ്യതാ മാർക്ക് 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താൻ നിർദേശമുണ്ട്. കൂടാതെ, ഈ സുരക്ഷിത ഡ്രൈവിങ് ട്യൂട്ടോറിയൽ ക്ലാസ് കുറഞ്ഞത് 30 മിനിറ്റെങ്കിലും ദൈർഘ്യമുള്ളതായിരിക്കണം. ആധാർ ഓതന്റിക്കേഷൻ വഴി നടത്തുന്ന തെരഞ്ഞെടുത്ത ഓൺലൈൻ ലൈസൻസിങ് സേവനങ്ങൾക്ക് ഫീസ് ഇളവ് നൽകാനും മന്ത്രാലയം ശുപാർശ ചെയ്യുന്നുണ്ട്.
ദുരുപയോഗം തടയുന്നതിനായി പ്രായവും വിലാസവും തെളിയിക്കാൻ ലൈഫ് ഇൻഷുറൻസ് പോളിസികളും സത്യവാങ്മൂലങ്ങളും സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനുപുറമെ ആധാർ, പാസ്പോർട്ട്, വോട്ടർ തിരിച്ചറിയൽ കാർഡ്, ഇ-റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും തിരിച്ചറിയൽ, പ്രായം, മേൽവിലാസം എന്നിവയ്ക്കുള്ള തെളിവായി ഉപയോഗിക്കാമെന്ന് കരട് ചട്ടങ്ങൾ വ്യക്തമാക്കുന്നു.
ഡ്രൈവിങ് ലൈസൻസിലെ പേര്, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾക്ക് ഫീസ് ഒഴിവാക്കാനും നിർദേശമുണ്ട്. ഇത്തരം അപേക്ഷകൾ ലഭിച്ചാൽ 15 ദിവസത്തിനകം അംഗീകരിക്കുകയോ, എന്തെങ്കിലും കാരണവശാൽ നിരസിക്കുകയാണെങ്കിൽ അതിനുള്ള കൃത്യമായ കാരണം വ്യക്തമാക്കിക്കൊണ്ട് മറുപടി നൽകുകയോ ചെയ്യണമെന്ന് ലൈസൻസിങ് അതോറിറ്റികളോട് നിർദേശിച്ചിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റുകളും പരിശോധനകളും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും കരട് നിർദേശങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates