

ന്യൂഡൽഹി: ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും എന്നാണ് വിവരം.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സമ്മതിച്ച സാഹചര്യത്തിൽ ഇനി പരാതികൾ ഉയരാതിരിക്കാനാണ് നീക്കം. 2021ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാർ നമ്പർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാർലമെൻറിൽ സർക്കാർ അറിയിച്ചു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം.
ചൊവ്വാഴ്ചത്തെ യോഗത്തിൽ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി സിഇഒ തുടങ്ങിയവർ പങ്കെടുക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരും യോഗത്തിൽ പങ്കെടുക്കും. മൂന്നു മാസത്തിനുള്ളിൽ പരാതി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് നീക്കം. ഉടൻ തെരഞ്ഞെെടുപ്പ് നടക്കുന്ന ബിഹാറിനു മുൻഗണന നൽകുമോയെന്ന കാര്യം വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates