നവവധുവില്‍ നിന്ന് അകന്നുനില്‍ക്കണം, കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് അച്ഛന് വാട്‌സ്ആപ്പില്‍; കള്ളിവെളിച്ചതായി, 26കാരനെതിരെ കേസ് 

മധ്യപ്രദേശില്‍ ഭാര്യയില്‍ നിന്ന് അകന്നിരിക്കാന്‍ വ്യാജ കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് തയ്യാറാക്കിയ 26കാരനെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയില്‍ നിന്ന് അകന്നിരിക്കാന്‍ വ്യാജ കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് തയ്യാറാക്കിയ 26കാരനെതിരെ കേസ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഭാര്യയില്‍ നിന്ന് അകന്നുകഴിയാനാണ് യുവാവ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ലാബില്‍ വിളിച്ച് ചോദിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.

ഇന്‍ഡോറിലാണ് സംഭവം. ഫെബ്രുവരിയിലായിരുന്നു യുവാവിന്റെ വിവാഹം. വ്യക്തിപരമായ കാരണങ്ങളാല്‍ ഭാര്യയുമായി അകന്നുകഴിയാനാണ് വ്യാജ പരിശോധനാഫലം ഉണ്ടാക്കിയത്. മറ്റൊരാളുടെ പരിശോധനാഫലം സ്വകാര്യ ലാബിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം കൃത്രിമം കാണിക്കുകയായിരുന്നു.പെന്‍സില്‍ ഉപയോഗിച്ച് പേരില്‍ മാറ്റം വരുത്തിയാണ് കൃത്രിമം കാണിച്ചതെന്ന് പൊലീസ് പറയുന്നു.

വ്യാജ കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് വാട്‌സ് ആപ്പ് വഴി 26കാരന്‍ അച്ഛനും ഭാര്യയ്ക്കും അയച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് കാണാതായ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ ലാബില്‍ വിളിച്ചു ചോദിക്കുകയായിരുന്നു. കോവിഡിന്റേതായ ഒരു ലക്ഷണവും യുവാവ് പ്രകടിപ്പിച്ചിരുന്നില്ല. ഇതാണ് വീട്ടുകാരുടെ സംശയം ഇരട്ടിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ലാബിന്റെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനില്‍ ഹാജരാകാന്‍ യുവാവിനോട് ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com