

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനേക്കാള്‍ കാര്‍ഷിക വിളകളുടെ താങ്ങുവില കൂടുതല്‍ ഉയര്‍ത്തിയത് മുന്‍ യുപിഎ സര്‍ക്കാരുകളെന്ന് കണക്കുകള്‍. താങ്ങുവിലയുടെ കാര്യത്തില്‍ മറ്റേതു സര്‍ക്കാരും ചെയ്തതിനേക്കാള്‍ കൂടുതല്‍ മോദി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന ബിജെപിയുടെ അവകാശവാദത്തിനു വിരുദ്ധമാണ്, സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍.
കര്‍ഷകരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഈ അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് കാര്‍ഷിക രംഗത്ത് സമ്പൂര്‍ണമായ മാറ്റമാണ് ഉണ്ടായത് എന്നാണ് തോമര്‍ പറഞ്ഞത്. കര്‍ഷകരുടെ വരുമാനം വര്‍ധിച്ചതായും താങ്ങുവില ഉയര്‍ന്നതായും സര്‍ക്കാരിന്റെ സംഭരണം മെച്ചപ്പെട്ടതായും കൃഷിമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ താങ്ങുവില ഉയര്‍ത്തുന്നതില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചത് യുപിഎ സര്‍ക്കാരുകള്‍ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2006-07നും 2013-14നും ഇടയിലുള്ള കാലത്ത് കാര്‍ഷിക വിളകളുടെ താങ്ങുവിലയില്‍ 90 ശതമാനം മുതല്‍ 205 ശതമാനം വരെ വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍. പ്രധാന വിളകളായ നെല്ല്,ഗോതമ്പ്, ചോളം എന്നിവയ്ക്ക് ഉള്‍പ്പെടെ നല്ല തോതില്‍ വില വര്‍ധിച്ചു.
2014 മുതലുള്ള എന്‍ഡിഎ ഭരണകാലത്ത് താങ്ങുവിലയില്‍ 40 ശതമാനം മുതല്‍ 73 ശതമാനം വരെയാണ് വില വര്‍ധിച്ചത്.
2006-07 കാലത്ത് നെല്ലിന്റെ താങ്ങുവില 580 രൂപയായിരുന്നു. 2013-14ല്‍ അത് 1310 രൂപയായി. 126 ശതമാനമാണ് ഈ കാലയളവില്‍ നെല്ലിന്റെ താങ്ങുവില ഉയര്‍ന്നത്. ഗോതമ്പിന്റെ താങ്ങുവിലയില്‍ 87 ശതമാനം വര്‍ധിച്ചു.
എന്‍ഡിഎ ഭരണത്തില്‍ നെല്ലിന്റെ താങ്ങുവില 1310ല്‍നിന്ന് 1868 ആയാണ് ഉയര്‍ന്നത്. 43 ശതമാനത്തിന്റെ വര്‍ധന. ഗോതമ്പിന്റെ താങ്ങുവില 41 ശതമാനമാണ് ഉയര്‍ന്നതെന്നും കണക്കുകള്‍ വ്യ്ക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates