ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ പിന്നാക്കരാഷ്ട്രീയത്തിന്റെ കരുത്തുറ്റ മുഖമായിരുന്നു മുലായം സിങ് യാദവ്. പ്രാദേശിക നേതാവായി തുടങ്ങി പ്രധാനമന്ത്രി പദത്തിനരികെവരെയെത്തിയ മുലായം എന്നും പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട നേതാജിയായിരുന്നു. ശരിയായാലും തെറ്റായാലും വ്യക്തമായ കാഴ്പ്പാടും ശക്തമായ നിലപാടുമായിരുന്നു ശക്തി.
വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളോട് സന്ധി ചെയ്ത് ആരോടും നിതാന്തശത്രുതയില്ലെന്ന് പലപ്പോഴും അദ്ദേഹം തെളിയിച്ചു. യുപി രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിന്നപ്പോഴും മുലായത്തിന്റെ വാക്കുകളും നിലപാടുകളും പലപ്പോഴും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ്, പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ മോദി രണ്ടാമതും പ്രധാനമന്ത്രിയാകണമെന്ന മുലായത്തിന്റെ വാക്കുകകള്‍ കേട്ട് പ്രതിപക്ഷവും ഭരണപക്ഷവും അമ്പരന്നു. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുന്നതില്‍ വിജയിച്ച പ്രധാനമന്ത്രിയാണ് മോദിയെന്നായിരുന്നു അന്നത്തെ മുലായത്തിന്റെ പ്രതികരണം.
എന്നും കേരളവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു മുലായം. മുലായം ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായിരിക്കേ, കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നു നായനാര്‍. യുപിയിലെ ഒരു വിഷയവുമായി ബന്ധപ്പെട്ടു തനിക്കു കിട്ടിയ നിവേദനം നായനാര്‍ മുലായംസിങ്ങിന് അയച്ചുകൊടുത്തു. ഇതിനു മുലായം അയച്ച മറുപടിക്കത്ത് ഹിന്ദിയിലായിരുന്നു. നായനാര്‍ വിട്ടില്ല. തിരിച്ചു പച്ച മലയാളത്തിലൊരു കത്തയച്ചു. മുലായം തോല്‍വി സമ്മതിച്ചു. ആരെക്കൊണ്ടോ മലയാളത്തിലൊരു കത്തു തയാറാക്കി നായനാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
ഒരു ഗുസ്തി മത്സരത്തില്‍ നിന്നായിരുന്നു മുലായത്തിന്റെ രാഷ്ട്രീയ പ്രവേശനം. മെയിന്‍പുരിയില്‍ നടന്ന ഒരു ഗുസ്തി മത്സരത്തിനിടെ മുലായത്തിനെ കണ്ട അന്നത്തെ ജസ്വന്ത്‌നഗര്‍ എംഎല്‍എ നത്തു സിങ്ങായിരുന്നു ഈ വഴിത്തിരിവിന് പിന്നില്‍. മുലായം സിങ് യാദവിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതും വഴികാട്ടിയതുമെല്ലാം നത്തു സിങ്ങെന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു. പിന്നീട് തന്റെ നിയമസഭാ മണ്ഡലവും ഇദ്ദേഹം മുലായത്തിനായി വിട്ടുനല്‍കി. ആ ?ഗുസ്തിക്കാരന്‍ രാഷ്ട്രീയ ചാണക്യനായി മാറിയ കഥയാണ് ഒറ്റ വാചകത്തില്‍ മുലായത്തിന്റെ ജീവിതം.
അധ്യാപകനായിരിക്കെയാണ് മുലായം സജീവരാഷട്രീയ രംഗത്തേക്ക് എത്തുന്നത്. തന്റെ മുന്നോട്ടുള്ള യാത്രയില്‍ അധ്യാപനം തടസപ്പെടരുതെന്ന് കരുതിയ മുലായം ആ കുപ്പായം ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് പരിവേഷത്തില്‍ കര്‍ഷക വക്താവായി യുപി രാഷ്ട്രീയത്തില്‍ വേരുറപ്പിച്ചു. ലോഹ്യയ്‌ക്കൊപ്പം ജയപ്രകാശ് നാരായണിന്റെയും രആരാധാകനായി മാറിയ മുലായം വളരെ വേഗം യുവ നേതൃനിരയില്‍ എത്തി.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് നിറം മങ്ങിയപ്പോള്‍, യാദവ രാഷ്ട്രീയം കളിച്ച് തന്റെ അടിത്തറ ഭദ്രമാക്കി. യുപിയില്‍ മുലായവും ബിഹാറില്‍ ലാലു പ്രസാദും കൈകോര്‍ത്തപ്പോള്‍ യാദവ സഖ്യം ഇന്ത്യന്‍ രാഷ്ട്രീയത്തീലെ നിര്‍ണായക ശക്തിയായി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശക്തിയെ ഹിന്ദിഹൃദയഭൂവില്‍ പിടിച്ചുകെട്ടാന്‍ കരുത്തരാണ് തങ്ങളെന്ന് ഇടക്കാലത്തേക്കെങ്കിലും തെളിയിക്കാന്‍ ഈ കൂട്ടുകെട്ടിനു കഴിഞ്ഞു.
തൊണ്ണൂറുകളില്‍ സാമൂഹികനീതിക്കായി മണ്ഡല്‍ കമ്മിഷനു വേണ്ടി ഉറച്ച നിലപാടെടുത്ത മുലായം, ബിജെപിയുടെ രാമക്ഷേത്ര പോരാട്ടത്തിനെതിരെയും രാജ്യത്ത് 33 ശതമാനം വനിതാ സംവരണത്തിനെതിരെയും ശക്തമായി പോരാടി. വനിതാ സംവരണ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഇടതുപാര്‍ട്ടികളും ഒന്നിച്ചപ്പോള്‍ അതിനെതിരെ ലാലു പ്രസാദിനെയും മറ്റും അണിനിരത്തി പോരാട്ടം നയിച്ചതും മുലായമാണ്.
ആദ്യം നിയമസഭയില്‍ എത്തുമ്പോള്‍ മുലായത്തിന് പ്രായം 28. ജീവിതാവസാനം വരെ പാര്‍ലമെന്ററി ജീവിതം തുടര്‍ന്നു. വിടവാങ്ങുമ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെ മെയിന്‍ പുരിയുടെ ലോക്‌സഭാ പ്രതിനിധിയാണ് അദ്ദേഹം. ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗര്‍ മണ്ഡലത്തെ 1967 മുതല്‍ ഏഴ് തവണ യുപി നിയമസഭയില്‍ പ്രതിനിധീകരിച്ചത് മുലായമാണ്.
1977ല്‍ റാം നരേഷ് യാദവിന്റെ മന്ത്രിസഭയിലാണ് മുലായം ആദ്യമായി മന്ത്രിയായത്.1980 ല്‍ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ജസ്വന്ത് നഗറില്‍ തോറ്റു. എന്നാല്‍ 1985 ല്‍ ജസ്വന്ത് നഗറില്‍ വീണ്ടും വിജയം നേടിയ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഴു തവണ അവിടെനിന്ന് നിയമസഭയിലെത്തിയ മുലായം സംഭാല്‍, മെയിന്‍പുരി, അസം ഗഡ് മണ്ഡലങ്ങളില്‍ നിന്നായി ഏഴു തവണ ലോക്‌സഭയിലേക്കും വിജയിച്ചു.
മൂന്നു തവണ യുപി മുഖ്യമന്ത്രിയായ മുലായം, ജനതാദള്‍ 208 സീറ്റുമായി ഭരണം പിടിച്ച 1989 ഡിസംബര്‍ 5ന് ആണ് ആദ്യം മുഖ്യമന്ത്രിയായത്. എന്നാല്‍ ദളിലെ ആഭ്യന്തര കലഹം മൂലം ഭൂരിപക്ഷം നഷ്ടമായി. അന്ന് പ്രാധാനമന്ത്രിയായ ചന്ദ്രശേഖറിനൊപ്പം നിന്ന മുലായം, 1991 ജൂണ്‍ 4 വരെ കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം നടത്തി. തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ബിജെപി, ബാബ്‌റി മസ്ജിദ് പൊളിക്കലുമായി ബന്ധപ്പെട്ട് രാജിവച്ചതോടെ, വീണ്ടും മുലായത്തിന്റെ ഊഴമായി.1993 ഡിസംബറില്‍ കോണ്‍ഗ്രസും ബിഎസ്പി യും ഉള്‍പ്പെട്ട ചെറുകക്ഷികളുടെ പിന്തുണയില്‍ ഭരണത്തിലേറിയ മുലായം 1995 ജൂണ്‍ 3 വരെ തുടര്‍ന്നു.
1996 ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ച മുലായം, ദേവെ ഗൗഡ സര്‍ക്കാരില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായി. പിന്നാലെ ഐകെ ഗുജ്‌റാള്‍ സര്‍ക്കാരിലും പ്രതിരോധ മന്ത്രിയായി ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു.
 
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
