നിര്‍മാണത്തിനിടെ മെട്രോ പാലത്തിന്റെ ഗര്‍ഡര്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണു; ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈയിലെ മുളുന്ദില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ പാലത്തിന്റെ ഗര്‍ഡര്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് തകര്‍ന്നു വീണ് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ എല്‍ബിഎസ് റോഡിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഫാക്ടറിക്ക് സമീപമാണ് അപകടമുണ്ടായത്. രംധന്‍ യാദവ് എന്നായാളാണ് മരിച്ചത്.
ഓട്ടോറിക്ഷയ്ക്കും സ്‌കോഡാ കാറിന് മുകളിലേക്കുമാണ് മെട്രോ ലൈനിന്റെ ഗര്‍ഡര്‍ തകര്‍ന്നു വീണത്. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. രാജ്കുമാര്‍ ഇന്ദ്രജിത് യാദവ്, മഹേന്ദ്ര പ്രതാപ് യാദവ്. ദീപ റുഹിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയില്‍ ഉണ്ടായവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്മെന്റ് അതോറിറ്റി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വര്‍ഷ ഗെയ്ക്വാദ് രംഗത്തെത്തി. മുംബൈ നിവാസികളുടെ ജീവന് വിലയില്ലേ എന്ന് അവര്‍ ചോദിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനേക്കാള്‍ അടിസ്ഥാന വികസനങ്ങളുടെ പരസ്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വികസനം ആവശ്യമാണെങ്കിലും, അത് പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കിയാകരുത്, വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നേരത്തെ ഗര്‍ഡറിലെ വിള്ളല്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Mumbai: One dead, three injured as parapet wall slab of metro rail line falls onto vehicles
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

