

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമൂലമാറ്റങ്ങള്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വീണ്ടും രംഗത്ത്. പാര്‍ട്ടി നിര്‍ജീവമല്ലെന്ന് കാട്ടിക്കൊടുക്കാന്‍ പരിഷ്‌കരണങ്ങള്‍ അനിവാര്യമാണെന്നും ബിജെപിയുടെ രാഷ്ട്രീയബദലായി സ്വയം അവതരിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളില്‍ ഒരാളാണ് സിബല്‍. കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട സംഘത്തിലെ പ്രധാനിയായിരുന്ന ജിതന്‍ പ്രസാദ ബിജെപിയില്‍ എത്തിയതിന് പിന്നാലെയാണ് തന്റെ നിലപാടുകള്‍ വിശദീകരിച്ച് കപില്‍ സിബല്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മരിച്ചാലും ബിജെപിയില്‍ പോകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നിലവില്‍ ബിജെപിക്ക് ശക്തമായ രാഷ്ട്രീയബദല്‍ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികാവകാശമില്ല. കോണ്‍ഗ്രസിന് മാത്രമാണ് ഒരു ബദല്‍സാധ്യത കാണുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ രാജ്യത്തിന് ഹാനികരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായും അതിന്റെ തെളിവാണ് അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ജിതന്‍ പ്രസാദയ്ക്ക് ബിജെപിയില്‍നിന്ന് പ്രസാദം ലഭിച്ചതിനാലാണ് പാര്‍ട്ടി വിട്ടത്. പരിചയസമ്പന്നതയുള്ള മുതിര്‍ന്നവരെയും യുവനേതൃത്വത്തെയും ഒരുമിച്ചുകൊണ്ടുപോകണം. പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ മോദിസര്‍ക്കാറിന്റെ കഴിവില്ലായ്മ രാജ്യം കണ്ടതാണ്. ഇതില്‍ ജനങ്ങളുടെ വേദന പരിഹരിക്കേണ്ടതുണ്ട്. അത് കോണ്‍ഗ്രസ് സ്വയം ഏറ്റെടുക്കണം. പശ്ചിമബംഗാള്‍, കേരളം, അസം, പുതുച്ചേരി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി പഠിക്കാന്‍ സമിതികള്‍ രൂപവത്കരിച്ചതിനെ സിബല്‍ സ്വാഗതം ചെയ്തു. നല്ലതേതെന്ന് ജനം തെരഞ്ഞെടുക്കുന്ന ഒരു കാലം വൈകാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates