ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും ഭഗവദ്ഗീതയുമായി നാനോ സാറ്റ്ലൈറ്റ് ഈ മാസം 28ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ബ്രസീലിന്റെ ആമസോണിയ 1 ഉപഗ്രഹം വിക്ഷേപിക്കുന്ന പിഎസ്എൽവി 51 റോക്കറ്റിലാണ് ഇന്ത്യൻ ഉപഗ്രഹമായ എസ്ഡി സാറ്റിന്റെ (സതീഷ് ധവാൻ സാറ്റ്ലൈറ്റ്) യാത്ര.
ഇന്ത്യൻ സ്റ്റാർട്ടപ്പായ സ്പെയ്സ് കിഡ്സ് ഇന്ത്യ നിർമിച്ച ഉപഗ്രഹമാണ് ഐഎസ്ആർഓയുടെ സഹായത്തോടെ വിക്ഷേപിക്കുന്നത്. പരിപൂർണമായും ഇന്ത്യയിൽ വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്ത ഉപഗ്രഹമാണിത്. ആത്മനിർഭർ ഭാരത് പദ്ധതിക്ക് നൽകിയ പ്രചോദനമാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്താൻ കാരണമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
ഇന്ത്യയുടെ 25,000 വ്യക്തികളുടെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. ഇവ ജനങ്ങൾ നിർദ്ദേശിച്ചതാണ്. വിശിഷ്ട വ്യക്തികൾ മുതൽ വിദ്യാർത്ഥികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ആയിരം പേരുകൾ വിദേശ ഇന്ത്യക്കാർ അയച്ചു കൊടുത്തതാണ്. ചെന്നൈയിലെ ഒരു സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടേയും പേരുണ്ട്.
ബഹിരാകാശത്തിലെ റേഡിയേഷൻ, ഭൂമിയുടെ കാന്തിക വലയം, വാർത്താ വിനിമയ സംവിധാനം എന്നിവയുടെ പഠനത്തിനുള്ള മൂന്ന് ഉപകരണങ്ങളും എസ്ഡി സാറ്റിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates