

മുംബൈ: നാസിക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൈംഗിക പീഡനവും നടത്തിയെന്ന ആരോപണം നേരിടുന്ന നിദ ഖാന്‍ നിലവില്‍ മുംബൈയിലുണ്ടെന്നും, അവര്‍ തന്റെ ആദ്യത്തെ കഞ്ഞിനായി കാത്തിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. നിലവില്‍ ഒളിവില്‍ കഴിയുന്ന നിദ ഖാന്‍, മുന്‍കൂര്‍ ജാമ്യത്തിനായി നാസിക്കിലെ കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യ നില മോശമാണെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിദ ഖാനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 25 വയസ്സുകാരിയായ ഖാന്‍ 2021-ലാണ് നാസിക്കിലെ ടി.സി.എസിന്റെ ബി.പി.ഒ യൂണിറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്. നാസിക്കിലെ ടി.സി.എസ് ഓഫീസില്‍ നടന്ന ലൈംഗിക പീഡനവുമായും നിര്‍ബന്ധിത മതപരിവര്‍ത്തനവുമായും ബന്ധപ്പെട്ട ഒന്‍പത് പരാതികളില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
എട്ട് വനിതാ ജീവനക്കാര്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കുന്നതിനായി പൊലീസ് കഴിഞ്ഞ ആഴ്ച ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും, ഹ്യൂമന്‍ റിസോഴ്സ് വിഭാഗം തങ്ങളുടെ പരാതികള്‍ അവഗണിച്ചുവെന്നുമാണ് ആരോപണം. 2022 ഫെബ്രുവരി മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഈ സംഭവങ്ങള്‍ നടന്നത്.
വിവാഹ വാഗ്ദാനം നല്‍കി പ്രതികളില്‍ ഒരാള്‍ ഒരു വനിതാ ജീവനക്കാരിയുമായി പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ മറ്റൊരു ജീവനക്കാരിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും അവളുടെ വ്യക്തിജീവിതത്തെയും വൈവാഹിക ജീവിതത്തെയും കുറിച്ച് ലജ്ജാകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. പരാതിക്കാരി ഈ സംഭവങ്ങളെക്കുറിച്ച് കമ്പനിയുടെ ഹെഡ് ഓഫീസറോട് പലതവണ വാക്കാല്‍ പരാതിപ്പെട്ടെങ്കിലും, പീഡനത്തെക്കുറിച്ചുള്ള പരാതികള്‍ പരിഗണിച്ചില്ലെന്നാണ് ആരോപണം. പകരം പ്രതികളുടെ പ്രവൃത്തികള്‍ക്ക് അദ്ദേഹം കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ ഒരു ജീവനക്കാരനെ നിര്‍ബന്ധപൂര്‍വം നിസ്‌കരിക്കാന്‍ നിര്‍ബന്ധിക്കുകയും അദ്ദേഹത്തിന്റെ മതത്തെ അധിക്ഷേപിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.
പീഡനങ്ങളോട് തങ്ങള്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത നയമാണ് സ്വീകരിക്കുന്നതെന്നും പൊലീസുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും ടി.സി.എസ് വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളോ നിര്‍ബന്ധിത നടപടികളോ അനുവദിക്കാത്ത കര്‍ശനമായ നയം ടി.സി.എസിനുണ്ട്. തൊഴിലിടങ്ങളില്‍ ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഉയര്‍ന്ന നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ ഞങ്ങള്‍ എപ്പോഴും ഉറപ്പാക്കാറുണ്ട്, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഞങ്ങള്‍ ദ്രുതഗതിയിലുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും കമ്പനി അറിയിച്ചു. അന്വേഷണം നേരിടുന്ന ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കമ്പനി വക്താവ് പറഞ്ഞു. പ്രാദേശിക നിയമപാലകരുമായി കമ്പനി സഹകരിക്കുന്നുണ്ടെന്നും, അന്വേഷണ റിപ്പോര്‍ട്ട് വരുന്നതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈംഗിക പീഡന ആരോപണങ്ങള്‍ 'ഗൗരവമേറിയതും വേദനയുണ്ടാക്കുന്നതുമാണെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. വസ്തുതകള്‍ കണ്ടെത്താനും സംഭവത്തിന് ഉത്തരവാദികളായവരെ തിരിച്ചറിയാനും ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആരതി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates