ചെന്നൈ: തമിഴ് ചിത്രം അന്നപൂരണി ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി എന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍
മാപ്പ് പറഞ്ഞ് നടി നയന്‍താര. ഇന്‍സ്റ്റഗ്രാമില്‍ 'ജയ്ശ്രീറാം' എന്ന തലക്കെട്ടോടുകൂടിയാണ് നയന്‍താര ഖേദം പ്രകടിപ്പിച്ചത്. ഒരു പോസിറ്റീവ് സന്ദേശം പകരാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. എന്നാല്‍ അത് ചിലരുടെ മനസിനെ വേദനിപ്പിച്ചതായി തോന്നിയെന്ന് നയന്‍താര പ്രസ്താവനയില്‍ പറഞ്ഞു.
''അന്നപൂരണി' എന്ന സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളെ അഭിസംബോധന ചെയ്യാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല ചിത്രം നിര്‍മിച്ചത്. ചെറുത്തുനില്‍പ്പിനെ പ്രചോദിപ്പിക്കാനും ഒരിക്കലും തളരാത്ത മനോഭാവം വളര്‍ത്താനുമുള്ള ഹൃദയംഗമമായ പരിശ്രമമായിരുന്നു ചിത്രം. പ്രതിബന്ധങ്ങളെ കേവലമായ ഇച്ഛാശക്തി കൊണ്ട് മറികടക്കാന്‍ കഴിയുമെന്ന് ജീവിത യാത്രയിലൂടെ പ്രതിഫലിപ്പിക്കാനാണ് ശ്രമിച്ചത്'- നയന്‍താര പറഞ്ഞു.
'അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങള്‍ക്ക് തോന്നി. മനഃപൂര്‍വമായിരുന്നില്ല അത്. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുകയും തിയറ്ററില്‍ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒടിടിയില്‍ നിന്ന് നീക്കം ചെയ്തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താന്‍ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. പൂര്‍ണ്ണമായി ദൈവത്തില്‍ വിശ്വസിക്കുകയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങള്‍ പതിവായി സന്ദര്‍ശിക്കുകയും ചെയ്യുന്ന ഒരാളായതിനാല്‍, എന്റെ ഭാഗത്ത് നിന്ന് ഉണ്ടായ അവസാന കാര്യമാണിത്. ഞങ്ങള്‍ സ്പര്‍ശിച്ച വികാരങ്ങളോട്, ഞാന്‍ ആത്മാര്‍ത്ഥവും ഹൃദയംഗമവുമായ ക്ഷമാപണം നടത്തുന്നു.'- നയന്‍താര വ്യക്തമാക്കി.
മതവികാരം വ്രണപ്പെടുത്തിയെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്നും ആരോപിച്ചുള്ള പരാതിയില്‍ നയന്‍താരയുടെ പുതിയ ചിത്രമായ 'അന്നപൂരണി'യുടെ അണിയറ പ്രവര്‍ത്തകര്‍ക്കും, താരങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ചിത്രത്തില്‍ ശ്രീരാമനെ മോശമായി ചിത്രീകരിച്ചു എന്നും പരാതിയില്‍ പറയുന്നു. സംഭവം വലിയ വിവാദമായതോടെ നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും ചിത്രം നീക്കം ചെയ്യുകയുണ്ടായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates