

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറില്‍ എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷം കടന്നു. 130സീറ്റുകളിലാണ് എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. ആദ്യ കുതിപ്പിന് ശേഷം തളര്‍ന്ന മഹാസഖ്യം 100സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.
ആദ്യ മണിക്കൂറുകളില്‍ ആര്‍ജെഡി വലിയ മുന്നേറ്റമാണ് നടത്തിയത്. കേവലഭൂരിപക്ഷമായ 122ലേക്ക് മഹാസഖ്യത്തിന്റെ ലീഡ് നില എത്തിയിരുന്നു. എന്നാല്‍ പിന്നീട് ബിജെപിയുടെ കുതിപ്പ് ആരംഭിച്ചു. എന്‍ഡിഎ നേട്ടമുണ്ടാക്കിയെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ജെഡിയു 53 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് നിന്നാണ് ജെഡിയു 53ലേക്ക് എത്തിയിരിക്കുന്നത്. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായി. 70 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അതേസമയം, തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ആര്‍ജെഡിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. 2015ല്‍ 80 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ പാര്‍ട്ടി നിലവില്‍ 64 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
മഹാസഖ്യത്തിനൊപ്പം മത്സരിച്ച കോണ്‍ഗ്രസ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. കഴിഞ്ഞതവണ 27 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 70 സീറ്റുകളിലാണ് മത്സരിച്ചത്. നിലവില്‍ 23 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അതേസമയം, മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപാര്‍ട്ടികള്‍ക്ക് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാനായി. പതിനേഴ് സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നത്. സിപിഐഎംഎല്‍ ആണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. പതിനൊന്ന് സീറ്റുകളില്‍ സിപിഐഎംഎല്‍ ലീഡ് ചെയ്യുന്നുണ്ട്. ആറ് സീറ്റുകളില്‍ മത്സരിച്ച സിപിഐ, മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. നാല് സീറ്റുകള്‍ മത്സരിച്ച സിപിഎം, രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ചിരാഗ് പാസ്വാന്റെ എല്‍ജെപി ആറ് സീറ്റുകളില്‍ മുന്നിലാണ്. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ചിരാഗിന്റെ നിലപാടുകള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.മഹാസഖ്യം വിട്ട് എന്‍ഡിഎയ്‌ക്കൊപ്പം പോയ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച് എ എം തകര്‍ന്നടിഞ്ഞു. ജിതന്‍ റാം മാഞ്ചി മത്സരിക്കുന്ന മണ്ഡലമായ ഇമാം ഗഞ്ചിലും എച്ച് എ എം പിന്നിലാണ്. എന്‍ഡിഎ സഖ്യകക്ഷിയായ വികാസ് ശീല്‍ ഇന്‍സാഫ് പാര്‍ട്ടി അഞ്ച് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മൂന്നാംമുന്നണിയായി മത്സരിച്ച ബിഎസ്പി എഐഎംഐഎം സഖ്യം രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates