

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഒരുമാസം പിന്നിടുമ്പോഴും പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. ഒടുവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഋതബ്രത ബാനര്‍ജിയെ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത് മമത ബാനര്‍ജിക്കും അവരുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആകെയുള്ള 80 എംഎല്‍എമാരില്‍ 59 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം പ്രതിപക്ഷ നേതൃ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ സ്പീക്കര്‍ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുകയായിരുന്നു. ഇത് മമത ബാനര്‍ജിക്ക് ഏറ്റ കടുത്ത പ്രഹരമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പാര്‍ട്ടിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിന് പകരം ഒരു വെള്ള പേപ്പറിലാണ് 'വിമത എംഎല്‍എമാര്‍' സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. കത്തില്‍ മമത ബാനര്‍ജിയെ പാര്‍ട്ടി നേതാവായും ഋതബ്രതയെ പ്രതിപക്ഷ നേതാവായും നിര്‍ദ്ദേശിക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തിങ്കളാഴ്ച പുറത്താക്കപ്പെട്ട രണ്ട് ടിഎംസി എംഎല്‍എമാരില്‍ ഒരാളാണ് ഋതബ്രത.
ആരാണ് ഋതബ്രത ബാനര്‍ജി?
സിപിഎമ്മിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഋതബ്രത ഇടതുപക്ഷത്തിന്റെ ഭാവി നേതാവായി കണക്കാക്കപ്പെട്ട യുവ നേതാക്കളില്‍ ഒരാളായിരുന്നു. കൊല്‍ക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്‌കൂളിലെയും അശുതോഷ് കോളജിലെയും പൂര്‍വ്വ വിദ്യാര്‍ഥിയായ ഋതബ്രത 2000 കളുടെ തുടക്കത്തില്‍ വിദ്യാര്‍ഥി നേതാവായി ശ്രദ്ധ പിടിച്ചുപറ്റി. എസ്എഫ്ഐയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും എട്ട് വര്‍ഷം സംഘടനയെ നയിക്കുകയും ചെയ്തു. ഇടതുപക്ഷ നേതാവും സിപിഎമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ഋതബ്രത.
34 വയസ്സുള്ളപ്പോള്‍, സിപിഎം അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചു. രാജ്യസഭ അംഗമായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. 2017 ല്‍ സിപിഎം അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. ഒരു വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടിയുടെ ആദര്‍ശങ്ങളുമായി പൊരുത്തപ്പെടാത്ത ജീവിതശൈലി നയിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഋതബ്രത ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ധരിച്ചത് അന്ന് വിവാദമായിരുന്നു. കൂടാതെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും ഇതിന് കാരണമായി. അക്കാലത്ത് സിപിഎമ്മിലെ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി ക്യാമ്പുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഫലമായാണ് ഈ പുറത്താക്കല്‍ കാണപ്പെട്ടത്. പുറത്താക്കലിന് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍, പാര്‍ട്ടിയുടെ ഉന്നത നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മുന്‍ എംപിയും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലിം എന്നിവര്‍ക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഋതബ്രത തുറന്നടിച്ചിരുന്നു.
അതേ വര്‍ഷം തന്നെ, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് കാണിച്ച് ഒരു ഗവേഷക ഋതബ്രതയ്‌ക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചു. എന്നാല്‍ യുവതി തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നായിരുന്നു ഋതബ്രതയുടെ വാദം. വ്യക്തിപരമായ ഒരു വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, ഒരുകാലത്ത് തിളങ്ങിനിന്ന ഈ യുവ നേതാവ് പാര്‍ട്ടിക്ക് പുറത്തായി.
സിപിഎം പുറത്താക്കിയതിനെത്തുടര്‍ന്ന് ഋതബ്രത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഉയരുകയും ചെയ്തു. 2021-ല്‍ 'ദ ടെലിഗ്രാഫിന്' നല്‍കിയ അഭിമുഖത്തില്‍ തന്റെ അന്നത്തെ നേതാവായ മമതയാണ് യഥാര്‍ത്ഥ ഇടതുപക്ഷ നേതാവെന്ന് അദ്ദേഹം പറഞ്ഞു. 2024ല്‍ മുന്‍ എംപി ജവഹര്‍ സിര്‍ക്കാറിന്റെ രാജിക്ക് ശേഷം ടിഎംസി അദ്ദേഹത്തെ രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.
അടുത്തിടെ നടന്ന പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗമുണ്ടായപ്പോഴും ഉലുബേരിയ പുര്‍ബ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ടിഎംസി സ്ഥാനാര്‍ഥിയായി ഋതബ്രത വിജയിച്ചു. പരിചയസമ്പന്നരായ പല തൃണമൂല്‍ നേതാക്കളും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ഋതബ്രതയുടെ വിജയം.
എന്നാല്‍ വിജയത്തിന് തൊട്ടുപിന്നാലെ ഋതബ്രത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഡല്‍ഹിയിലെ ബംഗാ ഭവനില്‍ വെച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി അദ്ദേഹം സൗഹൃദം പങ്കിടുന്ന വിഡിയോ വൈറലായി. അത് കേവലം ഒരു മര്യാദ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ അഭിവാദ്യത്തെ താന്‍ അവഗണിക്കണമായിരുന്നോ എന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് ചോദിച്ചു. താന്‍ അത്തരം രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള ടിഎംസിയുടെ കത്തില്‍ തങ്ങള്‍ ഒപ്പിട്ടിട്ടില്ലെന്ന് ഋതബ്രത ബാനര്‍ജിയും സാഹയും നിയമസഭാ സ്പീക്കറിനെ അറിയിച്ചതായി തിങ്കളാഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. ഇതിന് പിന്നാലെ ഋതബ്രതയെയും സാഹയെയും പുറത്താക്കിക്കൊണ്ട് തൃണമൂല്‍ പ്രസ്താവന ഇറക്കി.
'മുമ്പ് സിപിഎമ്മില്‍ ഉണ്ടായിരുന്ന ഒരാളാണ് ഇതെല്ലാം ചെയ്യുന്നത്. മറ്റുള്ളവരെ അവഗണിച്ചാണ് ഞങ്ങള്‍ അയാള്‍ക്ക് ടിക്കറ്റ് നല്‍കിയത്. അവസരം നഷ്ടപ്പെട്ടവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.'- ഋതബ്രതയുടെ പേര് പറയാതെ മമത ബാനര്‍ജി കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates