

ന്യൂഡൽഹി: രാജ്യത്ത് സൈബർസുരക്ഷ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്–ഇൻ) ഏപ്രിൽ 28നാണ് ഇതുസംബന്ധിച്ച മാർഗരേഖ പുറത്തിറക്കിയത്.
ഇന്റർനെറ്റ് ഉപയോഗത്തിൽ സ്വകാര്യത ഉറപ്പുനൽകുന്ന വിപിഎൻ കമ്പനികൾ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കണമെന്ന ചട്ടത്തിൽ പ്രതിഷേധിച്ച് മൂന്ന് കമ്പനികൾ ഇന്ത്യയിലെ സെർവറുകൾ നീക്കിയിരുന്നു. രാജ്യത്തെ നിയമം പാലിക്കാൻ കഴിയാത്ത കമ്പനികൾ രാജ്യം വിടുന്നതാണ് നല്ലതെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിലപാട്.
സൈബർ സുരക്ഷാ പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ ആറ് മണിക്കൂറിനുള്ളിൽ കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ അറിയിക്കണമെന്ന് പുതിയ മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവരച്ചോർച്ച, വൈറസ്/മാൽവെയർ ആക്രമണം, ഹാക്കിങ്, വ്യാജ മൊബൈൽ ആപ്പുകൾ, ഡിജിറ്റൽ ആൾമാറാട്ടം അടക്കം 20 തരം സൈബർ സുരക്ഷാപ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ സ്ഥാപനങ്ങളും അവരുടെ ഐടി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അടയാളപ്പെടുത്തുന്ന ലോഗ് 180 ദിവസത്തേക്ക് സൂക്ഷിക്കണം. സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്താൽ ഇതും ഒപ്പം നൽകണം.
ഡേറ്റാ സെന്ററുകൾ, വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്/സെർവർ (വിപിഎൻ/വിപിഎസ്), ക്ലൗഡ് സേവനദാതാക്കൾ എന്നിവ അഞ്ച് വർഷത്തേക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ, ഐപി വിലാസം അടക്കമുള്ളവ സൂക്ഷിക്കണം. ക്രിപ്റ്റോകറൻസി അടക്കമുള്ളവയുടെ വെർച്വൽ അസറ്റ് എക്സ്ചേഞ്ചുകളും അനുബന്ധ സേവനങ്ങളും ഉപയോക്താവിന്റെ തിരിച്ചറിയൽ വിവരവും (കെവൈസി) സാമ്പത്തിക ഇടപാട് വിവരങ്ങളും അഞ്ച് വർഷം സൂക്ഷിക്കണം. ഇടപാടുമായി ബന്ധപ്പെട്ട ഐപി വിലാസം, ഇടപാട് നമ്പർ, അക്കൗണ്ട് വിലാസം എന്നിവയുമുണ്ടായിരിക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
