'ആള്‍ക്കൂട്ടമല്ലാതെ മറ്റൊന്നും കണ്ടിരുന്നില്ല, അടിതെറ്റി വീണവരെ ചവിട്ടിയരച്ചു'; ദുരന്തത്തിന്റെ നടുക്കം മാറാതെ ദൃക്‌സാക്ഷികള്‍

പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ വരുന്നു എന്ന അറിയിപ്പിന് പിന്നാലെയുണ്ടായ തിരക്കാണ്‌ അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം
delhi Stampede
തിരക്കിനിടെ ഉപേക്ഷിപ്പെട്ട സാധനങ്ങള്‍ വൃത്തിയാക്കുന്ന ജീവനക്കാര്‍ pti
Updated on
2 min read

ന്യൂഡൽഹി: ചിതറിക്കിടക്കുന്ന ചെരിപ്പുകള്‍, വസ്ത്രങ്ങള്‍, മറ്റ് വസ്തുക്കള്‍ ജീവനു വേണ്ടി നെട്ടോട്ടമോടിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളാല്‍ നിറഞ്ഞു കിടക്കുന്ന റെയില്‍വേ പ്ലാറ്റ്‌ഫോം. 18 പേരുടെ ജീവനെടുത്ത ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിക്കുംതിരക്കിനും ശേഷമുള്ള കാഴ്ചയിങ്ങനെ ആയിരുന്നു. പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ വരുന്നു എന്ന അറിയിപ്പിന് പിന്നാലെയുണ്ടായ തിരക്കാണ്‌ അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തിക്കിലും തിരക്കിലും പെട്ട് അമ്പതിലതികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രയാ​ഗ് രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയിരുന്നത്. പെട്ടെന്നുള്ള തിക്കും തിരക്കുമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ദുരന്തമുണ്ടാകുന്നതിന് തൊട്ടുമുന്‍പ് പതിനായിരങ്ങളായിരുന്നു സ്റ്റേഷനിലുണ്ടായിരുന്നത്. ആളുകളെ ഒഴികെ മറ്റൊന്നും ഈ സമയത്ത് കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് 12 വര്‍ഷമായി പ്ലാറ്റ്‌ഫോമില്‍ കച്ചവടം ചെയ്യുന്ന രവി കുമാര്‍ പറയുന്നത്.

ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്കെത്തുന്നു എന്ന അറിയിപ്പിന് പിന്നാലെ ആളുകള്‍ നീങ്ങാന്‍ തുടങ്ങുകയും ഇത് വലിയ തിക്കിനും തിരക്കിനും വഴിവയ്ക്കുകയുമായിരുന്നു എന്നും രവി കുമാര്‍ ഓര്‍ത്തെടുക്കുന്നു.

അപകടം സംഭവിക്കുമ്പോള്‍ സ്‌റ്റേഷനിലെ 14, 15 പ്ലാറ്റ് ഫോമുകളില്‍ രണ്ട് ട്രെയിനുകള്‍ ഉണ്ടായിരുന്നു. പ്രയാഗ് രാജിലേക്കുള്ള ഈ രണ്ട് ട്രെയിനുകളും ഉള്‍ക്കൊള്ളാവുന്നതില്‍ അധികം യാത്രികരും ഉണ്ടാരുന്നു. ഇതിനിടെയാണ് മറ്റൊരു ട്രെയിന്‍ വരുന്നു എന്ന അറിയിപ്പ് എത്തുന്നത്. ഇതോടെ ആളുകള്‍ ഈ 12ാം പ്ലാറ്റ് ഫോമിലേക്ക് നീങ്ങാന്‍ ശ്രമിക്കുകയും ഇടുങ്ങിയ ഓവര്‍ ബ്രഡ്ജില്‍ ഉള്‍പ്പെടെ തിരക്ക് രൂപപ്പെടുകയുമായിരുന്നു എന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പി ആര്‍ ഒ ഹിമാന്‍ഷു ഉപാദ്ധ്യായ് വിശദീകരിക്കുന്നു.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നവരുടെ തിരക്ക്
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നവരുടെ തിരക്ക് pti

വലിയ ആള്‍ക്കുട്ടം കണ്ട് സ്റ്റേഷനില്‍ നിന്ന് മടങ്ങിയ പഹര്‍ഗഞ്ച് സ്വദേശിയായ വേദ് പ്രകാശ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഭാര്യയ്‌ക്കൊപ്പം പ്രയാഗ് രാജിലേക്ക് തിരിച്ച വേദ് പ്രകാശ് തിരക്ക് കണ്ട് മടങ്ങുകയായിരുന്നു. ട്രെയിനുകളില്‍ കാലുകുത്താന്‍ ഇടമില്ലാത്ത നിലയില്‍ തിരക്കുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.

തിക്കിലും തിരക്കിലും മരിച്ച പുനം ദേവി എന്ന ബിഹാര്‍ സ്വദേശിയുടെ ബന്ധുവും ദുരന്തസമയത്തെ കുറിച്ച് ഭീതിയോടെയാണ് ഓര്‍ക്കുന്നത്. ജനനിബിഡമായ 12ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ എത്തുന്നു എന്ന അറിയിപ്പിന് പിന്നാലെ ആളുകള്‍ തിരക്ക് കൂട്ടാന്‍ തുടങ്ങി. ഇതിനിടെ വീണ് പോയവര്‍ ചവിട്ടേറ്റ് ചരഞ്ഞരയുന്ന നിലയാണ് ഉണ്ടായതെന്നും ഇവര്‍ ഓര്‍മിക്കുന്നു.

New Delhi Railway station stampede: Victims suffer lower limb, bone injuries
ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍Ani

സ്വന്തം നാടായ ബിഹാറിലെ ഛപ്രയിലേക്ക് കുടുംബത്തോടൊപ്പം യാത്ര തിരിച്ച സ്ത്രീയും അപകടത്തില്‍ മരിച്ചിട്ടുണ്ട്. നാട്ടിലേക്കുള്ള യാക്ര ദുരന്തയാത്രയാകേണ്ടിവന്നതിന്റെ ഞെട്ടലിനാണ് ഇവരുടെ മകനെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

മരിച്ച പതിനെട്ടുപേരില്‍ പതിനൊന്ന് പേര്‍ സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.ആശാ ദേവി (79), പിങ്കി ദേവി (41), ഷീലാ ദേവി (50), വ്യോമം (25), പൂനം ദേവി (40), ലളിത ദേവി (35), സുരുചി (11), കൃഷ്ണ ദേവി (40), വിജയ് സാഹ (15), നീരജ് (12), ശാന്തി ദേവി (40), പൂജ കുമാരി (8), സംഗീത മാലിക് (34), പൂനം (34), മംത ഝാ (40), റിയ സിംഗ് (7), ബേബി കുമാരി (24), മനോജ് (47) എന്നിവരാണ് മരിച്ചത്.

അതേസമയം, റെയില്‍വേ സ്റ്റേഷനില്‍ ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവിച്ചതെന്താണെന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഡല്‍ഹി പൊലീസ്‌ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com