

ബംഗളൂരു: കര്‍ഷകരുടേയും ക്ഷേത്രങ്ങളുടേയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശ വാദം ഉന്നയിക്കുന്ന പുതിയ തരം 'ജിഹാദ്' കര്‍ണാടകയിലുടനീളം നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി. ഭരണകക്ഷി ന്യൂനപക്ഷ പ്രീണനമാണ് ലക്ഷ്യമാക്കിയിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയും സിദ്ധരാമയ്യയും കാപട്യക്കാരാണ്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. അതെ, അങ്ങനെ പറഞ്ഞിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറി കൊള്ളയടിച്ച നിലവിലുള്ള വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി അധികാരത്തിലിരുന്ന 2012 മാര്‍ച്ചില്‍ കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനായിരുന്ന മണിപ്പാടി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇത് പിന്നീട് നിയമസഭയില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ വഖഫ് ഉപയോഗിച്ച് കര്‍ഷകരുടേയും വ്യക്തികളുടേയും ക്ഷേത്രങ്ങളുടേയും മഠങ്ങളുടേയും സ്വത്തുക്കളില്‍ മുഴുവന്‍ അവകാശ വാദം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിജയപുര ജില്ലയില്‍ നിന്നുള്ള ഒരു വിഭാഗം കര്‍ഷകര്‍ തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. സമാനമായ ആരോപണങ്ങള്‍ മറ്റ് ചില സ്ഥലങ്ങളില്‍ നിന്നും പിന്നീട് ചില സംഘടനകളില്‍ നിന്നും മതസ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്നു. തര്‍ക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ കര്‍ഷകര്‍ക്ക് നല്‍കിയ എല്ലാ നോട്ടീസുകളും ഉടനടി അസാധുവാക്കണമെന്നും അറിയിപ്പ് കൂടാതെ ഭൂരേഖകളിലെ അനധികൃത ഭേദഗതികള്‍ റദ്ദാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
