

ന്യൂഡല്‍ഹി: അധോലോക കുറ്റവാളിയും മുംബൈ സ്‌ഫോടനങ്ങളുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കുമെതിരായ നീക്കം ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി. ദാവൂദ് ഇബ്രാഹിമിനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ അറിയിച്ചു. അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീലിനെപ്പറ്റി വിവരം നല്‍കിയാല്‍ 20 ലക്ഷം രൂപ ലഭിക്കും.
ദാവൂദ് സംഘത്തില്‍പ്പെട്ട അനീസ് ഇബ്രാഹിം, ജാവേദ് പട്ടേല്‍ എന്ന ജാവേദ് ചിക്‌ന, ഇബ്രാഹിം മുഷ്താഖ് അബ്ദുള്‍ റസ്സാക്ക് മേമന്‍ എന്ന ടൈഗര്‍ മേമന്‍ എന്നിവരെ പറ്റി വിവരം നല്‍കിയാല്‍ 15 ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ അറിയിച്ചു. ഇവരെല്ലാം പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
അന്താരാഷ്ട്ര ഭീകര ശൃംഖലയായ ഡി കമ്പനി നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ആയുധക്കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, പണം തട്ടല്‍, വ്യാജ ഇന്ത്യന്‍ കറന്‍സി നിര്‍മ്മാണം, അധോലാക ഗുണ്ടാസംഘങ്ങള്‍, ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുന്നതിനായി അനധികൃതമായി സ്വത്ത് കൈവശപ്പെടുത്തല്‍ തുടങ്ങിയ കൃത്യങ്ങളില്‍ ഡി കമ്പനി ഏര്‍പ്പെട്ടുവരുന്നതായി എഫ്‌ഐആറില്‍ പറയുന്നു.
കൂടാതെ, യുഎന്‍ നിരോധിച്ച ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ തയ്ബ, ജെയ്‌ഷെ മുഹമ്മദ്, അല്‍ ഖ്വയ്ദ തുടങ്ങിയവയുമായി ബന്ധവും സഹകരണവും പുലര്‍ത്തുന്നതായും എന്‍ഐഎ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഹവാല ശൃഖലയെ നിയന്ത്രിക്കുന്നതും ദാവൂദാണെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. 1993ല്‍ മുംബൈയില്‍ 257 പേരുടെ മരണത്തിന് ഉത്തരവാദിയായ സ്‌ഫോടനപരമ്പരയുടെ ആസൂത്രണം ദാവൂദ് ഇബ്രാഹിമാണ്. ഇദ്ദേഹത്തെ പിടിക്കാന്‍ ഇന്ത്യ വര്‍ഷങ്ങളായി പരിശ്രമിച്ചുവരികയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
