

ഉദയ്പൂര്‍: കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ മതസംഘടനകളുമായി അടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. മതസംഘടനകളുമായി അടുക്കണമെന്ന് ഉത്തരേന്ത്യന്‍ സംസ്ഥാന ഘടകങ്ങള്‍ അവതരിപ്പിച്ച പ്രമേയത്തിന് എതിരെ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ വിയോജിച്ചു. ചിന്തന്‍ ശിബിരത്തിനിടെ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയിലാണ് തര്‍ക്കമുണ്ടായത്. മത സംഘടനകളുമായി അടുക്കുന്നത് പാര്‍ട്ടിയുടെ മതേതര പ്രചിച്ഛായയെ ബാധിക്കുമെന്ന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ നിലപാടെടുത്തു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാന്‍ വേണ്ടി മത സംഘടനകളുമായി സഹകരിക്കണമെന്നായിരുന്നു ഉത്തരേന്ത്യന്‍ നേതാക്കളുടെ ആവശ്യം.
അതേസമയം, കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്ന പാര്‍ട്ടിയിലെ വിമതരുടെ ആവശ്യം ചിന്തന്‍ ശിബിരത്തില്‍ നിര്‍ദേശമായി അംഗീകരിച്ചു. ഈ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമോ, അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കണമോ, അതോ പാര്‍ട്ടി പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യണോ എന്നത് എഐസിസിക്ക് വിട്ടു. അതേസമയം, കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് വേണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ അനുവദിക്കില്ലെന്ന് നെഹ്‌റു കുടുംബ പക്ഷക്കാരായ നേതാക്കള്‍ നിലപാടെടുത്തു. പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ചിന്തന്‍ ശിബിരത്തിനായി രൂപീകരിച്ച ആറു സമിതികള്‍ അന്തിമപ്രമേയങ്ങളില്‍ നിര്‍ണായക നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. പാര്‍ട്ടിയെ നയിക്കാന്‍ സ്ഥിരതയുള്ള മുഴുവന്‍സമയ അധ്യക്ഷന്‍ വേണമെന്ന് രാഷ്ട്രീകാര്യ അന്തിമ പ്രമേയം നിര്‍ദേശിക്കുന്നു. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പദയാത്രകള്‍ നടത്തണം. പ്രാദേശിക പാര്‍ട്ടികളെ വോട്ടു ബാങ്കിലേക്കു കടക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി വേണമെന്നും സംഘടനാകാര്യ അന്തിമ പ്രമേയത്തില്‍ പറയുന്നു.
പാര്‍ലമെന്ററി ബോര്‍ഡില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും പദവികളില്‍ 50% യുവാക്കള്‍ വേണമെന്നുമാണ് യുവജനകാര്യ പ്രമേയത്തിലെ നിര്‍ദേശം. മുഖ്യമന്ത്രിപദവിയിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് സമിതിയില്‍ സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. സാമൂഹിക നീതി സമിതിയുടെ പ്രമേയം പാര്‍ട്ടി പദവികളില്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 50% പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുന്നു.
രാഹുല്‍ അധ്യക്ഷനാകണമെന്ന ആവശ്യം അജന്‍ഡയില്‍ ഇല്ലാതിരുന്നിട്ടും സമിതി ചര്‍ച്ചകളില്‍ നേതാക്കള്‍ ഇത് ഉന്നയിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധയൂന്നേണ്ട യോഗത്തില്‍ അധ്യക്ഷപദവി ചര്‍ച്ച ഉയരുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുണ്ട്. ബിജെപിയുമായി യോജിച്ചു പോകാത്ത വിവിധ പാര്‍ട്ടികളുമായി സംസ്ഥാനതലത്തില്‍ സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്നും പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം സംഘടനയുടെ എല്ലാ തലങ്ങളിലും 50 ശതമാനമായി ഉയര്‍ത്താനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates