ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഒമൈക്രോണ്‍ സ്ഥിരീകരിച്ചയാള്‍ രാജ്യം വിട്ടത് വ്യാജ സര്‍ട്ടിഫിക്കറ്റില്‍; അന്വേഷണത്തിന് ഉത്തരവ്

ബംഗളൂരു വസന്ത്‌നഗറിലെ ഹോട്ടലില്‍ ക്വാറന്റീനിലായിരിക്കെയാണ് ഇയാള്‍ നവംബര്‍ 27ന് രാജ്യം വിട്ടത്
Published on

ബംഗളൂരു : ബംഗളൂരുവില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ രാജ്യം വിട്ടത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ഇയാള്‍, അധികൃതര്‍ അറിയാതെ ദുബായിലേക്കു പോയത് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. ജൊഹന്നാസ്ബര്‍ഗിലെ ഫാര്‍മസി കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഇയാള്‍ ബംഗളൂരു വസന്ത്‌നഗറിലെ ഹോട്ടലില്‍ ക്വാറന്റീനിലായിരിക്കെയാണ് നവംബര്‍ 27ന് രാജ്യം വിട്ടത്. 

ബംഗളൂരു വിമാനത്താവളം വഴിയാണ് പോയത്. നവംബര്‍ 12 മുതല്‍ 22 വരെ ബംഗളൂരുവില്‍ എത്തിയ 10 ദക്ഷിണാഫ്രിക്കന്‍ പൗരന്മാരെ ഇനിയും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. 

ഡോക്ടര്‍ക്ക് കോവിഡ് വന്നതെങ്ങനെ ? 

നിലവില്‍ ഇന്ത്യയില്‍ രണ്ടു പേര്‍ക്കു മാത്രമാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ ബംഗളൂരുവിലെ 46 വയസ്സുകാരനായ ഡോക്ടര്‍ക്ക് വിദേശയാത്രാ പശ്ചാത്തലം ഇല്ല എന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി ഇടപഴകിയ 5 പേരും പോസിറ്റീവായിട്ടുണ്ട്. ഇവരുടെയും ജനിതകശ്രേണീകരണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഡോക്ടര്‍ക്ക് കോവിഡ് വന്നതെങ്ങനെയെന്ന് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു. 

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ശേഷം കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിലുള്ളത് 68 പേര്‍. ഇതില്‍ മൂന്നുപേര്‍ കേരളത്തിലാണ്. മഹാരാഷ്ട്ര (28), തെലങ്കാന (13), ഡല്‍ഹി (12), രാജസ്ഥാന്‍ (9), തമിഴ്‌നാട് (3) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നും ജയ്പുരിലെത്തിയ കുടുംബത്തിലെ 9 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

റിസ്‌ക് രാജ്യങ്ങള്‍

ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ചൈന (ഹോങ്കോങ് ഉള്‍പ്പെടെ), ന്യൂസീലന്‍ഡ്, ഇസ്രയേല്‍, ബ്രസീല്‍, ബോട്‌സ്വാന, മൊറീഷ്യസ്, സിംബാബ്‌വെ, ബംഗ്ലദേശ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയാണ് റിസ്‌ക് രാജ്യങ്ങള്‍. ഇവിടങ്ങളില്‍നിന്നായി തിരിച്ചെത്തിയ 16,000 യാത്രക്കാരെ പരിശോധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com