ട്വിറ്ററിന് അന്ത്യശാസനം; ഐ ടി നയങ്ങൾ അനുസരിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐ ടി നയങ്ങൾ അനുസരിക്കാൻ ട്വിറ്ററിന് അവസാന അവസരം നൽകി കേന്ദ്ര സർക്കാർ. മെയ് 26 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ഐടി നയങ്ങൾ അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നും നയങ്ങൾ ഇനിയും ട്വിറ്റർ അംഗീകരിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പു നൽകി.
വിപുലമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പുതിയ ഐ ടി നയം സമൂഹ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, പരാതികൾക്ക് പരിഹാരമുണ്ടാക്കുക, ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക, പരാതി പരിഹാരവുമായി ബന്ധപ്പെട്ട് പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് തന്നെയുള്ള ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാനാണ് പുതിയ ഐ ടി ചട്ടത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ ഐടി ചട്ടവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതിനിടെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു. ഏറെ നാളായി നിഷ്ക്രിയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെങ്കയ്യ നായിഡുവിൻറെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റർ നീക്കിയത്. എന്നാൽ ഭരണഘടന പദവി വഹിക്കുന്ന വ്യക്തിയുടെ അക്കൗണ്ടിൽ മാറ്റം വരുത്തിയത് തെറ്റായ നടപടിയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് ഐടി മന്ത്രാലയം ഇടപെട്ടതോടെയാണ് ട്വിറ്റർ ഇത് പുനഃസ്ഥാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
