

ചെന്നൈ: ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് മുൻ കേന്ദ്ര ഐടി മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരൻ. നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ 99,999 രൂപയാണ് ദയാനിധി മാരന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തട്ടിപ്പു വിവരം പങ്കുവച്ചത്. സംഭവത്തിൽ ചെന്നൈ പൊലീസിൽ ദയാനിധി മാരൻ പരാതി നൽകി.
ഇന്നലെയാണ് തട്ടിപ്പ് നടന്നത്. ആക്സിസ് ബാങ്കിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മറികടന്നാണ് തൻറെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപുള്ള സുരക്ഷാ പരിശോധനയായി ഫോണിലേക്ക് വരാറുള്ള ഒടിപി പോലും തൻറെ ഫോണിലേക്ക് വന്നില്ലെന്നും വ്യക്തമാക്കി.
ജോയിൻറ് അക്കൗണ്ട് ഹോൾഡറായ ഭാര്യയുടെ ഫോണിലേക്ക് ഇടപാട് നടന്നോ എന്ന് ചോദിച്ചുകൊണ്ട് ഫോൺ കോളും എത്തി. ബാങ്കിൽ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഫോൺ കോൾ എത്തിയത്. എന്നാൽ ഡിസ്പ്ലെയിൽ സിബിഐസി ഇന്ത്യ എന്ന് രേഖപ്പെടുത്തിയത് കണ്ടതോടെ ദയാനിധി മാരന് സംശയമാവുകയായിരുന്നു. ഉടൻ അക്കൗണ്ടിലെ എല്ലാ ഇടപാടുകളും ബ്ലോക്ക് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്നു എന്നതാണ് ആശങ്ക സൃഷ്ടിക്കുന്നതെന്നും ദയാനിധി മാരൻ പറഞ്ഞു. തട്ടിപ്പ് എങ്ങനെയാണ് നടന്നത് എന്നതിന് ആക്സിസ് ബാങ്കിന് ഒരു സൂചനയും ഇല്ല. തന്റെ നമ്പറിൽ ഒടിപി വരാതിരുന്നത് എന്തുകൊണ്ടാണ് എന്നതിനും അവർ വ്യക്തമായ വിശദീകരണം നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യയെക്കുറിച്ച് ബോധവാന്മാരും സ്വകാര്യ ഡാറ്റയിൽ ജാഗ്രത പുലർത്തുന്നവരുമായ ഒരാൾക്ക് ഇത് സംഭവിക്കുകയാണെങ്കിൽ, ആദ്യമായി ഡിജിറ്റൽ ഉപയോക്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും കാര്യമോ? ആരുടെയെങ്കിലും ഡാറ്റ സുരക്ഷിതമാണോയെന്നും അദ്ദേഹം ചോദിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates