

കൊച്ചി: ഓണ്‍ലൈന്‍ ടാക്സി ബുക്കിങ് ആപ്പുകള്‍ വഴി സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ നിന്ന് അധിക തുക ഈടാക്കാന്‍ ശ്രമിക്കുന്നതായി എഴുത്തുകാരന് അഷ്ടമൂര്‍ത്തി. ടാക്സി ആപ്പുകളില്‍ കാണിക്കുന്ന നിരക്കിനേക്കാള്‍ കൂടുതല്‍ തുക നല്‍കാമെന്ന് സമ്മതിച്ചാല്‍ മാത്രമേ സര്‍വീസ് നടത്തൂ എന്ന നിലപാടാണ് ഡ്രൈവര്‍മാര്‍ സ്വീകരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അഷ്ടമൂര്‍ത്തി ബംഗളൂരുവിലും ചെന്നൈയിലും താന്‍ നേരിട്ട ദുരനുഭവം പങ്കുവച്ചത്.
ബംഗളൂരുവില്‍ വച്ച് ഊബര്‍ വഴി കാര്‍ ബുക്ക് ചെയ്തപ്പോള്‍, ആപ്പില്‍ കാണിച്ച തുകയേക്കാള്‍ കൂടുതല്‍ തന്നാലേ വരികയുള്ളൂ എന്ന് ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. യാത്ര നിരസിച്ചതിനെ തുടര്‍ന്ന് ട്രിപ്പ് ക്യാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും, റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്ത ഡ്രൈവര്‍ ഏറെ സമയം കഴിഞ്ഞാണ് ക്യാന്സലേഷന് തയ്യാറായത്. തുടര്‍ന്ന് ബുക്ക് ചെയ്ത മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരും ഇതേ രീതിയില്‍ അധിക തുക ആവശ്യപ്പെട്ടു. റാപ്പിഡോ, നമ്മ യാത്ര തുടങ്ങിയ മറ്റ് ആപ്പുകള്‍ വഴി ശ്രമിച്ചപ്പോഴും ഇതേ ഡ്രൈവര്‍മാര്‍ തന്നെ റൈഡ് അക്സെപ്റ്റ് ചെയ്ത് യാത്ര തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായും അഷ്ടമൂര്‍ത്തി പറയുന്നു. അരമണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മറ്റൊരു വാഹനം ലഭ്യമായത്.
തമിഴ്നാട്ടിലെ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചും സമാന അനുഭവം ഉണ്ടായതായി കുറിപ്പില്‍ പറയുന്നു. ആപ്പില്‍ കാണിച്ച 625 രൂപയ്ക്ക് പകരം 800 രൂപ ആവശ്യപ്പെട്ട ഡ്രൈവറുടെ സര്‍വീസ് നിരസിച്ചപ്പോള്‍, അടുത്ത ഡ്രൈവര്‍ 750 രൂപ ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ കൂടുതല്‍ സമയം കാത്തുനിന്ന ശേഷമാണ് കൃത്യമായ നിരക്കില്‍ യാത്ര ചെയ്യാന്‍ തയ്യാറായ ഡ്രൈവറെ ലഭിച്ചത്. ജനപ്രിയ ആപ്പുകളുടെ സേവനങ്ങളില്‍ ഇത്തരം ക്രമക്കേടുകളും ചൂഷണങ്ങളും വര്‍ധിച്ചു വരുന്നത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കുന്നുണ്ട്. വിഷയത്തില്‍ ആപ്പ് അധികൃതരുടെയും ഗതാഗത വകുപ്പിന്റെയും ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
അഷ്ടമൂര്‍ത്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ബാംഗളൂരിലാണ്. ഇന്നലെ രണ്ടു സ്ഥലത്ത് പോവാനുണ്ടായിരുന്നു. ആദ്യത്തെ സ്ഥലത്തുനിന്നു മടങ്ങാന്‍ ഊബറില്‍ കാറിനു ബുക് ചെയ്തു. വന്ന ടാക്സിക്കാരന് പക്ഷേ ആപ്പില്‍ കാണിച്ച സംഖ്യയില്ക്കൂടുതല് തന്നാലേ വരൂ എന്നു പറഞ്ഞു. വേണ്ട എന്നു പറഞ്ഞ് അയാളോടുതന്നെ ട്രിപ് കാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അയാള്‍ റോഡിന്റെ മറ്റേ വശത്തേയ്ക്കു നീങ്ങി കാര്‍ പാര്‍ക് ചെയ്തു. പിന്നെയും കുറച്ചു കഴിഞ്ഞ് മടിച്ചുമടിച്ച് ട്രിപ് കാന്‍സല്‍ ചെയ്തു.
വീണ്ടും ഒരു വണ്ടിക്ക് ബുക് ചെയ്തു. അയാളും അടുത്തെത്തിയപ്പോള്‍ ഇതു തന്നെ പറഞ്ഞു. അയാളോടും ട്രിപ് കാന്‍സല്‍ ചെയ്തോളാന്‍ ആവശ്യപ്പെട്ടു. അയാളും മറ്റേ ടാക്സിക്കാരന്റെ അടുത്തായി വണ്ടി പാര്‍ക് ചെയ്തു. മടിച്ചുമടിച്ച് അയാളും ട്രിപ് കാന്‍സല്‍ ചെയ്തു. പിന്നെ അവര്‍ രണ്ടുപേരും പരസ്പരം സംസാരിക്കുകയും ഞങ്ങളെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുകയും ചെയ്തു.
പിന്നീട് ഊബറില്‍ വണ്ടി ബുക് ചെയ്യാന്‍ നോക്കുമ്പോഴൊക്കെ അവര്‍ തന്നെ കൊത്തിക്കൊണ്ടിരുന്നു. 'റാപിഡോ', 'നമ്മ യാത്ര' തുടങ്ങിയ ആപ്പുകള്‍ പരീക്ഷിച്ചപ്പോഴും അവര്‍ തന്നെ എടുത്തുകൊണ്ടിരുന്നു. അവരുടെ കൂടെ പോവില്ല എന്ന് ഉറപ്പിച്ച് വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അര മണിക്കൂറോളം പരിശ്രമിച്ചതിനു ശേഷം മറ്റൊരു വണ്ടി കിട്ടി.
അപ്പോള്‍ ഓര്‍മ്മ വന്നത് ഒരു മാസം മുമ്പ് തമിഴ്നാട്ടില്‍ വെച്ച് ഉണ്ടായ ഒരനുഭവമാണ്. രാത്രിയായിരുന്നു. പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഹോട്ടലിലേയ്ക്ക് ഊബറില്‍ ബുക് ചെയ്തു. യാത്രാക്കൂലിയായി കാണിച്ചത് 625 ക. പക്ഷേ കൊത്തിയ ഡ്രൈവര്‍ തിരിച്ചുവിളിച്ച് അതില്‍ എത്ര സംഖ്യയാണ് കാണിക്കുന്നത് എന്ന് അന്വേഷിച്ചു. സംഖ്യ പറഞ്ഞപ്പോള്‍ 800 രൂപ കിട്ടിയാലേ വണ്ടി കൊണ്ടുവരൂ എന്നു പറഞ്ഞു. അത് റദ്ദ് ചെയ്ത് വീണ്ടും ബുക് ചെയ്തു. അത് കൊത്തിയ ഡ്രൈവറും മൊബൈലില്‍ വിളിച്ച് 750 രൂപ കിട്ടിയാലേ വരൂ എന്നറിയിച്ചു. അയാളെയും വിട്ടു.
ആ രാത്രി മുഴുവന്‍ പെരമ്പൂരിലെ പെരുവഴിയില്‍ കഴിച്ചുകൂട്ടേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ടുനിന്നുവെങ്കിലും ഒടുവില്‍ ഒരു മര്യാദക്കാരന്‍ വരിക തന്നെ ചെയ്തു.
വിഖ്യാതമായ ഈ ആപ്പുകളൊക്കെ ഇപ്പോള്‍ കറപ്റ്റ് ആയിക്കൊണ്ടിരിക്കുകയാണോ?
നിങ്ങളില്‍ ആര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates