

ചെന്നൈ: ആരാണ് യഥാർത്ഥ മുസ്ലീം എന്ന് തീരുമാനിക്കാനുള്ള അധികാരം സർവ്വശക്തനായ അള്ളാഹുവിന് മാത്രമാണെന്നും, സാധാരണക്കാരായ മനുഷ്യർക്ക് അതിന് കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി. ഒരു മുസ്ലീമിനെ നിസ്കരിക്കുന്നതിൽ നിന്ന് തടയുന്നത് തന്നെ പാപമാണെന്നും കോടതി വ്യക്തമാക്കി. ബിജെപിയിലോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ അംഗമാണെന്ന കാരണത്താൽ ഒരു മുസ്ലീമിനെയും പള്ളിയിൽ നിസ്കരിക്കുന്നതിൽ നിന്ന് വിലക്കാൻ മറ്റ് വിശ്വാസികൾക്ക് കഴിയില്ലെന്ന് ജസ്റ്റിസ് വി ലക്ഷ്മിനാരായണൻ നിരീക്ഷിച്ചു.
സേലത്തെ ഒരു പള്ളിയിൽ നിസ്കരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ബിജെപി ന്യൂനപക്ഷ മോർച്ച ഭാരവാഹി സയ്യിദ് ഇബ്രാഹിം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ. മുസ്ലീം ലീഗ് ഭാരവാഹിയായ സയ്യിദ് മൂസ തന്നെ പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിൽ നിന്ന് തടഞ്ഞുവെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.
പള്ളിയിൽ പ്രവേശിക്കുന്നതിന് മുൻപ് വിശ്വാസികൾ തങ്ങളുടെ എല്ലാ രാഷ്ട്രീയ-മറ്റ് ബന്ധങ്ങളും പടിക്ക് പുറത്തുവെക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്ന ഇമാമിന് മാത്രമാണ് പള്ളിക്കുള്ളിൽ പ്രത്യേക സ്ഥാനമുള്ളത്. സാമൂഹികമോ സാമ്പത്തികമോ ആയ വ്യത്യാസങ്ങളില്ലാതെ എല്ലാ വിശ്വാസികളും തോളോട് തോൾ ചേർന്നാണ് പ്രാർത്ഥന നടത്തുന്നത്. അതിനാൽ ഇത്തരം ആരാധനാലയങ്ങളിൽ രാഷ്ട്രീയ ബന്ധങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് കോടതി പറഞ്ഞു.
"പള്ളി നിർമ്മിക്കുന്നതിനായി സംഭാവന നൽകി എന്നതുകൊണ്ട് മാത്രം അത് തന്റേതാണെന്ന് ആർക്കും അവകാശപ്പെടാനാവില്ല. പള്ളികൾ സർവ്വശക്തന് സമർപ്പിക്കപ്പെട്ടവയാണ്, അതിന്റെ ഉടമസ്ഥൻ അള്ളാഹുവാണ്. മനുഷ്യർ കേവലം നടത്തിപ്പുകാർ മാത്രമാണ്. ഹർജിക്കാരൻ ഒരു മുസ്ലീമാണെന്ന് സർവ്വശക്തൻ തീരുമാനിക്കുന്നുവെങ്കിൽ, അല്ലെന്ന് തീരുമാനിക്കാൻ മനുഷ്യർക്ക് അവകാശമില്ല," ജസ്റ്റിസ് ലക്ഷ്മിനാരായണൻ വ്യക്തമാക്കി.
താൻ ഒരു മൗലവിയോ ആലിമോ അല്ലാത്തതിനാൽ മതപരമായ കാര്യങ്ങളിൽ കൂടുതൽ ആഴത്തിൽ കടക്കുന്നില്ലെന്നും, എന്നാൽ തനിക്ക് മനസ്സിലായടത്തോളം ഒരു മുസ്ലീമിനെ പ്രാർത്ഥനയിൽ നിന്ന് തടയുന്നത് പാപമാണെന്നും കോടതി കൂട്ടിച്ചേർത്തു. തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ പൊലീസിനോടും കോടതി നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates