

ന്യൂഡല്‍ഹി: ആദില്‍ അഹമ്മദ് തോക്കര്‍. ഏപ്രില്‍ 22 ന് പഹല്‍ഗാമിലെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാള്‍. ബൈസാരനിലെ ഭീകരാക്രമണത്തിന്റെ പ്രധാന പങ്ക് വഹിച്ചത് ആദില്‍ തോക്കറാണെന്നാണ് കരുതുന്നത്. 2018ല്‍ സ്റ്റുഡന്റ് വിസയില്‍ പാകിസ്ഥാനിലേയ്ക്ക് പോയ ആദില്‍ പിന്നീട് തിരികെ ഇന്ത്യയിലേയ്ക്ക് വരുന്നത് ഭീകരര്‍ക്കൊപ്പമാണ്.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹാരയിലെ ഗുരെ ഗ്രാമവാസിയായ ആദില്‍ അഹമ്മദ് തോക്കര്‍ 2018ല്‍ വീട് വിട്ടു പോവുകയായിരുന്നു. പാകിസ്ഥാനിലേയ്ക്ക് പോകുന്നതിന് മുമ്പ് തന്നെ തീവ്രവാദത്തിലേയ്ക്ക് ആദില്‍ ആകര്‍ഷിക്കപ്പെട്ടിരുന്നെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഇന്ത്യ വിടുന്നതിന് മുമ്പ് തന്നെ പാകിസ്ഥാനിലെ നിരോധിത ഭീകര സംഘടനകളിലുള്ള വ്യക്തികളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നു. പാകിസ്ഥാനില്‍ എത്തിയ ശേഷം ഇയാള്‍ പൊതുജനമധ്യത്തില്‍ വന്നതേയില്ല. കുടുംബവുമായുള്ള ആശയ വിനിമയം പൂര്‍ണമായും വിച്ഛേദിച്ചു. എട്ട് മാസത്തോളമായി ഇയാളെക്കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല. ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്ന ഇയാളുടെ ഡിജിറ്റല്‍ പണമിടപാടുകളോ മറ്റ് വിവരങ്ങളോ ഒന്നും ലഭ്യമായിരുന്നില്ല. ബിജ്‌ബെഹാരയിലെ വീട് കേന്ദ്രീകരിച്ചുള്ള നിരീക്ഷണങ്ങളും ഫലം കണ്ടില്ല.
ഈ കാലഘട്ടത്തില്‍ ഭീകരസംഘടനകള്‍ക്കൊപ്പം പരിശീലനം നേടുകയായിരുന്നുവെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. 2024 അവസാനത്തോടെ ഇന്ത്യയിലെത്തിയ ആദില്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി യാതൊരു വിധത്തിലുള്ള അറിവും ലഭിച്ചിരുന്നില്ല. 2024 ഒക്ടോബറില്‍ ആദില്‍ തോക്കര്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയത് പൂഞ്ച്-രജൗരി സെക്ടറിലൂടെയാണെന്നാണ് വിവരം. കുത്തനെയുള്ള കുന്നുകളും ഇടതൂര്‍ന്ന വനങ്ങളുമുള്ള പ്രദേശമാണ് ഇവിടം.
ആക്രമണത്തില്‍ തോക്കറിനൊപ്പം മൂന്നോ നാലോ പേരുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തവണ ജമ്മു കശ്മീരിലേയ്ക്ക് എത്തിയ സമയത്ത് അനന്ത് നാഗില്‍ ആദില്‍ തോക്കര്‍ ഒളിവില്‍ താമസിച്ചതായാണ് കരുതുന്നത്. സുരക്ഷാ കാരണങ്ങളാല്‍ നേരത്തെ അടച്ചിരുന്ന ബൈസാരന്‍ പുല്‍മേട് വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുത്തത് ആദിലും സംഘവും മുതലെടുക്കുകയായിരുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. ഏപ്രില്‍ 22 ഉച്ച കഴിഞ്ഞ് ഉച്ചയ്ക്ക് 1.50 ഓടെ അക്രമികള്‍ ഇവിടെയെത്തിയ വിനോദ സഞ്ചാരികളെ ആക്രമിക്കുകയായിരുന്നു. സംഘത്തില്‍ കുറഞ്ഞത് അഞ്ച് പേരുണ്ടാകുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. തിരിച്ചറിഞ്ഞ മൂന്ന് പ്രധാന പ്രതികളില്‍ ഒരാണ് ആദില്‍ തോക്കര്‍. മറ്റ് രണ്ട് പേര്‍ പാകിസ്ഥാന്‍ പൗരന്‍മാരാണ്. ഹാഷിം മൂസ എന്ന സുലൈമാനും, അലിഭായ് എന്ന തല്‍ഹ ഭായിയും. മൂന്നു പേരുടേയും രേഖാ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
