ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമത്തെ തുടർന്ന് ഊർജ പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. വിഷയത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്ര ഊർജ വകുപ്പ് മന്ത്രി ആർകെ സിങ് ആവശ്യപ്പെട്ടു. ഊർജ പ്രതിസന്ധി സംബന്ധിച്ച് തെറ്റായ സന്ദേശങ്ങൾ നൽകി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രവൃത്തിയുണ്ടായാൽ നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് ടാറ്റ പവർ സിഇഒ, ഗെയിൽ എന്നിവർക്ക് താക്കീത് നൽകിയതായും ആർകെ സിങ് പറഞ്ഞു.
താപ നിലയങ്ങളിൽ ശരാശരി അളവിൽ കൽക്കരി ലഭ്യമാണ്. നിലവിലുള്ള സ്റ്റോക്ക് നാല് ദിവസത്തേക്ക് പര്യാപ്തമാണ്. കൽക്കരി ഖനി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുമായി ഇക്കാര്യങ്ങൾ നിരന്തരം ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കുന്നതിന് പിന്നിൽ കോൺഗ്രസ് ആണെന്നും ആർകെ സിങ് ആരോപിച്ചു. കോൺഗ്രസിന് ഇപ്പോൾ ആശയ ദാരിദ്ര്യമാണെന്നും ജനങ്ങളുടെ വോട്ട് കിട്ടാത്തതാണ് കോൺഗ്രസിന്റെ പ്രശ്‌നമെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം അന്താരാഷ്ട്ര വിപണിയിലെ കൽക്കരി ദൗർലഭ്യവും വിലക്കയറ്റവുമാണ് പ്രതിസന്ധിക്ക് കാരണമെന്നും മൂന്നോ നാലോ ദിവസങ്ങൾ കൊണ്ട് എല്ലാം ശരിയാകുമെന്നും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പ്രതികരിച്ചു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരി വിലയിൽ വലിയ കുതിപ്പുണ്ടായതിനാൽ ഇപ്പോഴത്തെ വൈദ്യുതി നിർമാണത്തിന് ആഭ്യന്തര ഖനികളിൽ നിന്നുള്ള കൽക്കരിയാണ് ഉപയോഗിക്കുന്നതെന്നും ജോഷി പറഞ്ഞു. കനത്ത മഴ നേരിയ തോതിൽ കൽക്കരി സംഭരണത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
താപനിലയങ്ങളിലെ പ്രവർത്തനം നിലച്ചതോടെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഊർജപ്രതിസന്ധി തലപൊക്കിത്തുടങ്ങിയത്. പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ പവർകട്ട് ഏർപ്പെടുത്തിക്കഴിഞ്ഞു. ഉത്തർപ്രദേശിൽ 14 താപവൈദ്യുത നിലയങ്ങൾ കൽക്കരി ദൗർലഭ്യത്തെ തുടർന്ന് അടച്ചുപൂട്ടി. ഉത്തർപ്രദേശിൽ സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ അഞ്ച് മണിക്കൂർ വരെ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഡൽഹി സമ്പൂർണ ബ്ലാക്ക്ഔട്ടിലേക്ക് പോകുന്ന സാഹചര്യമുണ്ട്. ഗുജറാത്തും തമിഴ്നാടും ആശങ്ക അറിയിച്ചു. കേരളത്തിൽ പവർക്കട്ട് വേണ്ടിവരുമെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates