

ന്യൂഡൽഹി: പാർലമെന്റ് നടപടിക്രമങ്ങൾ ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ നടക്കും. രാവിലെ ഒൻപതരയ്ക്ക് പ്രത്യേക ഫോട്ടോ സെഷന് ശേഷം 11 മണിക്ക് പഴയമന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേരും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയുമായി പഴയ മന്ദിരത്തിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് നടക്കും. കേന്ദ്രമന്ത്രിമാരും ലോക്സഭാംഗങ്ങളും പ്രധാനമന്ത്രിയെ അനുഗമിക്കും. 
പഴയ പാർലമെന്റ് മന്ദിരത്തിൽ ഇന്ന് ചേരുന്ന പ്രത്യേക സമ്മേളനത്തിൽ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് ഇരിപ്പിടമൊരുക്കിയിട്ടുണ്ട്.
പുതിയ മന്ദിരത്തിൽ ഇന്ന് ലോക്സഭയും രാജ്യസഭയും ചേരും. ഉച്ചയ്ക്ക് 1.15ന് ലോക്സഭയും 2.15ന് രാജ്യസഭയും ചേരും. വനിതാ സംവരണ ബിൽ അടക്കമുള്ളവ ഇന്നത്തെ യോഗ അജണ്ടയിൽ ഇല്ല. വരും ദിവസങ്ങളിൽ എട്ട് ബില്ലുകൾ പുതിയ മന്ദിരത്തിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്.
കഴിഞ്ഞ മേയിലാണു പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്. ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുണ്ട്. ലോക്‌സഭാ ചേമ്പറിൽ 888 അംഗങ്ങൾക്കും രാജ്യസഭാ ചേംബറിൽ 300 അംഗങ്ങൾക്കും ഇരിക്കാൻ കഴിയുന്നതാണ് കൂറ്റൻ കെട്ടിടം. ഇരുസഭകളുടെയും സംയുക്‌ത സമ്മേളനത്തിനായി 1,280 എംപിമാർക്ക് ലോക്‌സഭാ ചേംബറിൽ ഒത്തുചേരാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
