'കുറ്റവാളിയെ കെട്ടിപ്പിടിച്ചു, മോചനം ആഘോഷിച്ചു, അപ്പോൾ ഞങ്ങളോ?'

'രാഷ്ട്രീയക്കാരും മാധ്യമങ്ങളും പേരറിവാളന്റെ മോചനം ആഘോഷിക്കുകയാണ്. ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാത്ത ആഘോഷമാണ് തമിഴ്നാട്ടിൽ നടക്കുന്നത്'
ഫോട്ടോ: എക്സ്പ്രസ്
ഫോട്ടോ: എക്സ്പ്രസ്
Updated on
1 min read

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ എജി പേരറിവാളനെ വിട്ടയച്ച സുപ്രീം കോടതി വിധിയെ ഒരു വിഭാ​ഗം സ്വാ​ഗതം ചെയ്തപ്പോൾ, ചിലർ വിട്ടയച്ച വിധിയെ വിമർശിച്ചിരുന്നു. പേരറിവാളന്റെ മോചനവും അത് ആഘോഷിക്കപ്പെട്ട രീതിയേയും വിമർശിച്ച് ബോംബ് സ്‌ഫോടനത്തിൽ രാജീവ് ​ഗാന്ധിക്കൊപ്പം കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും ബന്ധുക്കൾ ഇപ്പോൾ രം​ഗത്തെത്തി. 

'രാഷ്ട്രീയക്കാരും മാധ്യമങ്ങളും പേരറിവാളന്റെ മോചനം ആഘോഷിക്കുകയാണ്. ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാത്ത ആഘോഷമാണ് തമിഴ്നാട്ടിൽ നടക്കുന്നത്. മുൻ പ്രധാനമന്ത്രിക്കൊപ്പം ശ്രീപെരുമ്പത്തൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ  അവർ മറന്നിരിക്കുന്നു'- സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ദക്ഷിണ ചെന്നൈ മഹിളാ കോൺഗ്രസ് നേതാവ് എസ് സംധാനി ബീഗത്തിന്റെ മകൻ എസ് അബാസ് പറഞ്ഞു.

കൊല്ലപ്പെട്ട 16 പേരുടെ കുടുംബങ്ങളെ (പലരും പൊലീസ് ഉദ്യോഗസ്ഥരാണ്) സർക്കാർ അവഗണിച്ചതായി അബാസ് പറഞ്ഞു. സ്ഫോടനത്തിൽ കുടുംബത്തിന്റെ അത്താണിയായവരെ നഷ്ടപ്പെട്ട ശേഷം ഇരകളായവർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം നിശബ്ദത പാലിക്കുകയായിരുന്നു. എന്നാൽ കുറ്റവാളികളെ ത്യാ​ഗികളെപ്പോലെയാണ് ഇപ്പോൾ കൊണ്ടാടുന്നത്. എന്തൊരു വിരോധാഭാസമാണ് ഇതെന്നും അബാസ് ചോദിക്കുന്നു. 

അന്ന് സ്ഫോടനം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന, അതിജീവിച്ചവരിൽപ്പെട്ട വനിതാ പൊലീസ് ഓഫീസറായ അനുസൂയ ഡെയ്സി ഏണസ്റ്റും പേരറിവാളനെ മോചിപ്പിച്ചതിന്റെ അമർഷം മറച്ചുവച്ചില്ല. 

'സ്ഫോടനത്തിൽ എനിക്ക് രണ്ട് വിരലുകൾ നഷ്ടപ്പെട്ടു, ഇപ്പോഴും എന്റെ ശരീരത്തിൽ ബോംബിന്റെ അവശിഷ്ടങ്ങളുണ്ട്. മുഖ്യമന്ത്രി കുറ്റവാളിയെ കെട്ടിപ്പിടിച്ച് കുടുംബത്തിന് ചായ നൽകുകയാണ്. അദ്ദേഹത്തെ കാണാനും എന്റെ പരാതികൾ പറയാനും മുഖ്യമന്ത്രി എന്നെങ്കിലും അനുവദിക്കുമോ? പല രാഷ്ട്രീയ നേതാക്കൾക്കും ഞാൻ സുരക്ഷ നൽകിയിട്ടുണ്ട്. ഞാൻ ഒരു തമിഴ് സ്ത്രീയാണ്. ഒരു കുറ്റവാളിയുടെ കുടുംബം അത്രമാത്രം സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. സുപ്രീം കോടതി ഒരു കുറ്റവാളിക്ക് ആശ്വാസം നൽകി, പക്ഷേ ഇരകൾക്ക് എന്ത് കൊടുത്തു?'-  അനുസൂയ രോഷത്തോടെ ചോദിച്ചു. 

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിളായ ജെ ധർമ്മന്റെ മകൻ ഡി രാജ്‌കുമാറും തന്റെ പ്രതിഷേധം പ്രകടമാക്കി.

'മുൻ പ്രധാനമന്ത്രിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതിയുടെ കുടുംബത്തെ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് സ്വാഗതം ചെയ്യാൻ തോന്നുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഇരകളുടെ ബന്ധുക്കളായ ഞങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാൻ കഴിയുമോ? പേരറിവാളനെ മോചിപ്പിച്ചതിൽ വിഷമമൊന്നുമില്ല. പക്ഷേ എന്തിനാണ് ഇത്തരത്തിൽ ആഘോഷിക്കുന്നത്?'- ധർമൻ അത്ഭുതത്തോടെ പറയുന്നു. 

പേരറിവാളന്റെ മോചനം അന്യായമാണെന്ന് കൊല്ലപ്പെട്ട ഇൻസ്‌പെക്ടർ എഡ്വേർഡ് ജോസഫിന്റെ സഹോദരൻ സി ജോൺ ജോസഫും പറയുന്നു. ഇരകളെ സർക്കാർ പൂർണമായും അവഗണിച്ചു. ഇരകളുടെ ബന്ധുക്കളെക്കുറിച്ച് ഇനിയെങ്കിലും സർക്കാരുകൾ ആലോചിക്കണം. ഈ വിഷയം ഉന്നയിക്കുന്നതിനാൽ തനിക്ക് വധ ഭീഷണിയുണ്ടെന്നും ജോൺ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com