

കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സംരക്ഷിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാപൂരിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. സംസ്ഥാനത്തെ ആശുപത്രികളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും തുടര്‍ച്ചയായി പീഡനങ്ങള്‍ നടക്കുന്നത് ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
'ആര്‍ജി കര്‍ ആശുപത്രിയിലെ പീഡനക്കേസില്‍ ടിഎംസി സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികളെ സംരക്ഷിച്ചത് എന്ന് നിങ്ങള്‍ കണ്ടതാണ്. ആ സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് മുക്തരാകും മുമ്പാണ് മറ്റൊരു കോളജിലും സമാനമായ സംഭവം നടന്നിരിക്കുന്നത്. അവിടെയും കുറ്റം ചെയ്തയാള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് പുറത്തുവരുന്ന വിവരം.' പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമ ബംഗാളിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നുത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം മാറുമെന്നും പൊതുയോഗത്തില്‍ പ്രവര്‍ത്തകരെ കൊണ്ട് അദ്ദേഹം പ്രതിജ്ഞ ചൊല്ലിച്ചു. 'ബംഗാളിനെ ഒരു വികസിത സംസ്ഥാനമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒരുകാലത്ത് ബംഗാള്‍ വികസനത്തിന്റെ കേന്ദ്രമായിരുന്നു. ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. യുവാക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി തേടി ബംഗാള്‍ വിടേണ്ടി വരുന്നു. വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയാണ്. ഈ സാഹചര്യം നമ്മള്‍ മാറ്റണം. ബംഗാളിന്റെ വികസന പാതയില്‍ വിലങ്ങുതടിയായി ഒരു മതില്‍ പോലെയാണ് ടിഎംസി പ്രവര്‍ത്തിക്കുന്നത്.' പ്രധാനമന്ത്രി പറഞ്ഞു.
'ബിജെപി അധികാരത്തിലെത്തിയാല്‍, സംസ്ഥാനത്തെ രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക മേഖലയാക്കി മാറ്റും. ടിഎംസിയെ പുറത്താക്കിയാല്‍ ബംഗാളില്‍ യഥാര്‍ത്ഥ മാറ്റം സംഭവിക്കും. കലാപങ്ങള്‍ നടക്കുന്ന, പോലീസ് പക്ഷപാതപരമായി പെരുമാറുന്ന ബംഗാളിലേക്ക് നിക്ഷേപകര്‍ എന്തിന് വരണം?' മോദി ചോദിച്ചു രാജ്യത്തെ ബിജെപി സര്‍ക്കാരുകള്‍ ബംഗാളി ഭാഷയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ 5,400 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
