നരേന്ദ്രമോദി നാലുതവണ യോഗിയെ വിളിച്ചു; അടിയന്തര നടപടിക്ക് നിര്‍ദേശം; അമൃത് സ്നാനം വീണ്ടും തുടങ്ങി

പ്രധാനമന്ത്രി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നാലുതവണ സംസാരിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Stranded devotees are seen after a stampede occurred at Sangam on 'Mauni Amavasya' during the ongoing 'Maha Kumbh Mela' festival, in Prayagraj
മഹാംകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടം പിടിഐ
Updated on
1 min read

പ്രയാഗ്രാജ്: മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം നാലുതവണ ഫോണിലൂടെ സംസാരിച്ചു. അടിയന്തര നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതേസമയം, നിര്‍ത്തിവച്ച അമൃതസ്‌നാനം പുനഃരാരംഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

പ്രധാനമന്ത്രി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നാലുതവണ സംസാരിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 'കുംഭമേളയിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് സംസാരിച്ചു, സ്ഥിതിഗതികള്‍ അവലോകനം ചെയ്തു, അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, കുംഭമേളയില്‍ പങ്കെടുക്കന്ന ഭക്തര്‍ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍നീക്കങ്ങളില്‍ അഭിപ്രായം തേടി ആഖാഡ പ്രതിനിധികളുമായി യോഗി ചര്‍ച്ച നടത്തി. അതിന് പിന്നാലെ അമൃതസ്‌നാനം പുനഃരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭക്തര്‍ ദയവായി അടുത്തുള്ള ഘാട്ടുകളില്‍ പുണ്യസ്‌നാനം ചെയ്യണമെന്നും ഭരണകൂടം നില്‍കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും യോഗി പറഞ്ഞു.

അപകടത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കുംഭമേളയില്‍ ഹെലികോപ്റ്റര്‍ വഴി നിരീക്ഷണം ശക്തമാക്കണമെന്ന് യുപി മുന്‍മുഖ്യമന്ത്രി യോഗി അഖിലേഷ് യാദവ് പറഞ്ഞു. അപകടത്തില്‍ അതീവദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കുഭമേളയുടെ നടത്തിപ്പിന് വേണ്ടത്ര ക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്. യുപി സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണം. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സുകള്‍ വിന്യസിക്കണമെന്നും മരിച്ചവരെ തിരിച്ചറിഞ്ഞ ശേഷം മൃതദേഹം അവരുടെ ബന്ധുക്കള്‍ക്ക് തിരികെ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. അപകടം ഉണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ 30ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. മൗനി അമാവാസിയില്‍ പുണ്യസ്‌നാനം നടത്താന്‍ ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിയതോടെ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്. ഘാട്ടുകളില്‍ തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എത്തി. പ്രത്യേക ട്രെയിന്‍ സര്‍വീസ് തുടരുമെന്ന് റെയില്‍വേ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com