ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് പ്രതിമ അനാച്ഛാദനം നടന്നത്.
28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമാണ് പ്രതിമയ്ക്ക്. 26,000 മണിക്കൂറുകളാണ് ഇത് നിര്‍മിക്കുന്നതിനായി ശില്‍പികള്‍ ചെലവഴിച്ചത്. നിര്‍മാണത്തിന് ആവശ്യമായ ഗ്രാനൈറ്റ് 1665 കിലോമീറ്റര്‍ അകലെയുള്ള തെലങ്കാനയില്‍ നിന്നാണ് ഡല്‍ഹിയിലെത്തിച്ചത്.
അതിനിടെ രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ചരിത്രപ്രധാന പാതയുടെ പേര് മാറ്റി. ബ്രിട്ടീഷ് ഭരണ കാലത്ത് കിങ്‌സ് വേ എന്ന് അറിയപ്പെട്ടിരുന്ന ഇവിടം സ്വാതന്ത്ര്യത്തിനു ശേഷമാണ് രാജ്പഥ് എന്ന് പുനര്‍നാമകരണം ചെയ്തത്. രാഷ്ട്രപതി ഭവന്‍ മുതല്‍ നാഷണല്‍ സ്റ്റേഡിയം വരെയും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഉള്‍പ്പെടുന്ന ഈ പ്രദേശം ഇനി 'കര്‍ത്തവ്യപഥ്' എന്നാണ് അറിയപ്പെടുക.
എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത് ഇവിടെയാണ്. നാളെ മുതല്‍ കര്‍ത്തവ്യപഥ് പൂര്‍ണമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.
പത്തിടങ്ങളില്‍ ചെറുകിട വ്യാപാര ശാലകള്‍, വിവിധ സംസ്ഥാനങ്ങളുടെ ഫുഡ് സ്റ്റാളുകള്‍, ഐസ്‌ക്രീം വെന്‍ഡിങ് സോണുകള്‍, ഇന്ത്യാ ഗേറ്റ് പരിസരത്ത് 16.5 കിലോമീറ്റര്‍ കാല്‍നടപ്പാത, പാര്‍ക്കിങ് ഇടങ്ങള്‍, 900-ലധികം പുതിയ വിളക്കുകാലുകള്‍, മലിനജല പുനരുപയോഗ പ്ലാന്റ്, പൊതു ശൗചാലയങ്ങള്‍, കുടിവെള്ള സൗകര്യം, മഴവെള്ള സംഭരണി, പുതിയ ജലസേചന സംവിധാനം തുടങ്ങിയവയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ സവിശേഷതകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates