

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഒഴികെയുള്ള മുഖ്യമന്ത്രിമാരുടെ യോഗമാണ് വെള്ളിയാഴ്ച ഓൺലൈനായി ചേർന്നത്.
സാഹചര്യങ്ങളെ ക്ഷമയോടും സംയമനത്തോടും കൈകാര്യം ചെയ്യണമെന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. വ്യജ പ്രചാരണങ്ങൾ അഴിച്ചുവിട്ട് പ്രതിസന്ധി മുതലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ കരുതലോടെ നീങ്ങണം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നിരീക്ഷണവും ഇടപെടലുമുണ്ടാകണം. കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നും പ്രധാനമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
അതിർത്തി, തീരദേശ സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കാർഷിക മേഖലയിൽ കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
എക്സൈസ് തീരുവ കുറച്ചതും വാണിജ്യ എൽപിജി വിഹിതം കൂട്ടിയതും മുഖ്യമന്ത്രിമാർ യോഗത്തിൽ സ്വാഗതം ചെയ്തു. ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ്), യോഗി ആദിത്യനാഥ് (ഉത്തർപ്രദേശ്), രേവന്ത് റെഡ്ഡി (തെലങ്കാന), ഭഗവന്ദ് മൻ (പഞ്ചാബ്), ഭൂപേന്ദ്ര പട്ടേൽ (ഗുജറാത്ത്), ഒമർ അബ്ദുല്ല (ജമ്മു കശ്മീർ), സുഖ്‍വീന്ദർ സുഖു (ഹിമാചൽപ്രദേശ്), പേമ ഖണ്ഡു (അരുണാചൽപ്രദേശ്) അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യോഗത്തിനെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates