

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിഷയം കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പടെ ടാഗ് ചെയ്ത് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് മന്ത്രാലയത്തിന്റെ അഭിനന്ദന കുറിപ്പ്.
കേരളത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയുടെ നാഴികക്കല്ല് എന്നാണ് നടപടിയെ വിദ്യാഭ്യാസ മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ കേരളത്തിലെ സ്‌കൂളുകള്‍ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകും. സ്മാട്ട് ക്ലാസ് റൂമുകള്‍, അനുഭവ പഠനം, നൈപുണ്യ വികസനം എന്നിവ കേന്ദ്രീകരിച്ചുള്ള ദേശീയ വിദ്യാഭ്യാസ നയം പ്രകാരം സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകും. നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ ശോഭനമായ ഭാവിക്കായി ഗുണനിലവാരമുള്ളതും, സമഗ്രവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് കേരളത്തിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ രാഷ്ട്രീയ തര്‍ക്കം തുടരുകയാണ്. മുന്നണിയിലും മന്ത്രിസഭയിലും എതിര്‍പ്പ് ഉന്നയിച്ചിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പാണുള്ളത്. സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകളും ഇതിനോടകം എതിര്‍പ്പ് ഉന്നയിച്ച് രംഗത്തെത്തി. സര്‍ക്കാര്‍ നിലപാട് വഞ്ചനയാണെന്നാണ് എഐഎസ്എഫിന്റെ വിമര്‍ശനം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ നടപടിയെന്ന് കെഎസ് യു കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഒരു വലിയ 'ഡീലിന്റെ' ഭാഗമാണ്. ഇത് ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. പിഎം ശ്രീയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയെ ഒറ്റുകയാണെന്ന എംഎസ് എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് പ്രതികരിച്ചു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയുണ്ടെന്നാണ് എസ്എഫ്ഐയുടെയും പ്രതികരണം. പാഠപുസ്തകങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതും കരിക്കുലത്തില്‍ ഇടപെടുന്നതും അനുവദിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിലുള്ള ആശങ്ക സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണമാണ് പ്രശ്‌നം. എസ്എഫ്‌ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
