ന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് എന്‍സിആര്‍ടി എട്ടാം ക്ലാസ് പാഠപുസ്‌കങ്ങളിലുള്ള പരാമര്‍ശം നീക്കം ചെയ്യാന്‍ തീരുമാനം. ഉന്നതതല സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. വിവാദ പരാമര്‍ശം നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് സൂചന ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ജുഡീഷ്യയിലെ അഴിമതി' എന്ന ഭാഗമാണ് വിവാദമായത്.
ഇങ്ങനെയൊരു കാര്യം എഴുതാന്‍ പാടില്ലായിരുന്നുവെന്നും പ്രചോദനാത്മകമായ കാര്യങ്ങള്‍ വേണമായിരുന്നു എഴുതിച്ചേര്‍ക്കാനെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ ഉദ്ധരിച്ചുള്ള പരാമര്‍ശങ്ങളും ഉചിതമല്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു. ജുഡീഷ്യറിയിലെ അഴിമതിയും ദുഷ്‌കൃത്യങ്ങളും പൊതുജന വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചുള്ള മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ 2025 ജൂലൈയിലെ അഭിപ്രായമാണ് പുസ്‌കത്തില്‍ പരാമര്‍ശിച്ചിരുന്നത്. നീതിന്യായ വ്യവസ്ഥയിലെ സുതാര്യതയെക്കുറിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ബി.ആര്‍.ഗവായ് നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അഴിമതിയും ദുര്‍നടപടികളും നീതിന്യായ വ്യവസ്ഥയിലുണ്ടാകുന്നത് പൊതുജനങ്ങള്‍ക്ക് നിയമത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ കാരണമാകും. ഇത് പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ അനിവാര്യമാണ്' എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കോടതി ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും സ്വമേധയാ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ജുഡീഷ്യറിയെക്കുറിച്ചുള്ള ഭാഗം നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി ഈ വിഷയത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ ജുഡീഷ്യറിയിലെ എല്ലാ അംഗങ്ങളെയും ഈ പരാമര്‍ശം അസ്വസ്ഥരാക്കി എന്നു പറയുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് ശേഷമാണ് കോടതിയുടെ പ്രതികരണം.
നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ എന്നിവയെ നീതിന്യായ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയായി പുതിയ പാഠഭാഗത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates