

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ അവസാന ഭാഗം പ്രസിദ്ധീകരിക്കുന്നതിനെച്ചൊല്ലി മക്കള്‍ തമ്മില്‍ പരസ്യ തര്‍ക്കം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആത്മകഥയുടെ ഭാഗങ്ങള്‍ പ്രസാധകരായ രൂപാ ബുക്‌സ് നേരത്തെ പുറത്തുവിട്ടിരുന്നു.
പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കണമെന്ന് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അഭിജിത് മുഖര്‍ജി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പ്രസിദ്ധീകരണത്തിനു മുമ്പ് ഉള്ളടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് അഭിജിത് പറഞ്ഞു.
ഇതിനു പിന്നാലെ പ്രസിദ്ധീകരണത്തിനു തടസ്സം നില്‍ക്കരുതെന്ന് സഹോദരനോട് ആവശ്യപ്പെട്ട് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ ട്വിറ്ററില്‍ തന്നെ രംഗത്തെത്തി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിക്കരുതെന്ന് ശര്‍മിഷ്ഠ പറഞ്ഞു.
പ്രസാധകരായ രൂപാ ബുക്‌സ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം പുസ്തകത്തിന്റെ അവസാന കരട് പ്രണബ് അംഗീകരിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സോണിയഗാന്ധിക്കെന്ന് പ്രണബ് പുസ്തകത്തില്‍ പറയുന്നുണ്ട്. സോണിയയ്ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നതില്‍ കോണ്‍ഗ്രസ് ഒരുപോലെ പരാജയപ്പെട്ടെന്നും പ്രണബ് പറയുന്നു.
2004ല്‍ യുപിഎ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി പ്രണബ് മുഖര്‍ജി അധികാരമേറ്റിരുന്നുവെങ്കില്‍ 2014 ല്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന കനത്ത ആഘാതം ഒഴിവാക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കരുതിയിരുന്നതായും ഓര്‍മക്കുറിപ്പുകളില്‍ പറയുന്നു. പ്രണബ് മുഖര്‍ജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജനുവരിയില്‍ രുപ പബ്ലിക്കേഷന്‍സ് പുറത്തിക്കുന്ന ഓര്‍മക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രപതിയായുളള തന്റെ സ്ഥാനാരോഹണത്തോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടു. പ്രണബ് വിലയിരുത്തുന്നു.
പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിന് സഖ്യം സംരക്ഷിക്കുന്ന തിരക്കില്‍ ഭരണമികവ് പുറത്തെടുക്കാനായില്ല. മന്‍മോഹന്‍സിങ്ങിന്റെ സഭയിലെ അസാന്നിധ്യം ദീര്‍ഘമായി നീണ്ടത് എംപിമാരുമായി ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ അവസാനിക്കുന്നതിലേക്കാണ് എത്തിയത്. പ്രണബ് പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സില്‍ കുറിക്കുന്നു.
2004ല്‍ ഞാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരം ഒഴിവാക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കരുതിയിരുന്നു. ഈ കാഴ്ചപ്പാടിനോട് തനിക്ക് യോജിപ്പില്ല. എന്നാല്‍ പ്രസിഡന്റായുളള എന്റെ സ്ഥാനാരോഹണത്തോടെ പാര്‍ട്ടിയുടെ നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടതായി വിശ്വസിക്കുന്നുവെന്നും പ്രണബ് കുറിക്കുന്നു.
പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍ സിങ്ങിനെയും നരേന്ദ്രമോദിയെയും ഓര്‍മക്കുറിപ്പുകളില്‍ പ്രണബ് മുഖര്‍ജി താരതമ്യം ചെയ്യുന്നുണ്ട്. 'ഭരിക്കാനുളള ധാര്‍മിക അധികാരം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്.മന്‍മോഹന്‍ സിങ് സഖ്യത്തെ സംരക്ഷിക്കുന്നതിന് ശ്രദ്ധാലുവായിരുന്നു, അത് ഭരണത്തെ ബാധിച്ചു.
അതേസമയം, നരേന്ദ്രമോദി ഏകാധിപത്യസ്വഭാവമുളള ഭരണരീതിയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യകാലയളവില്‍ നടത്തിയത്. മോദിയുടെ സ്വേച്ഛാധിപത്യശൈലി, സര്‍ക്കാരും പാര്‍ലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം മോശമാക്കി. സര്‍ക്കാരിന്റെ രണ്ടാംഘട്ട കാലയളവില്‍ അത്തരംകാര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ധാരണയുണ്ടോയെന്ന് കാലത്തിന് മാത്രമേ പറയാനാകൂ.'
വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുളള വിവാദ തീരുമാനങ്ങളെ കുറിച്ചും 2016 ലെ നോട്ടുനിരോധനത്തെക്കുറിച്ചുമെല്ലാം ഓര്‍മക്കുറിപ്പുകളില്‍ പ്രണബ് മുഖര്‍ജി വിശദീകരിക്കുന്നുണ്ട്. ദ ഡ്രമാറ്റിക് ഡികേഡ്: ദ ഇന്ദിര ഗാന്ധി ഇയേഴ്‌സ്, ദ ടര്‍ബുലന്‍ഡ് ഇയേഴ്‌സ്, ദ കോയിലേഷന്‍ ഇയേഴ്‌സ് എന്നിവയാണ് നേരത്തെ, പുറത്തിറങ്ങിയ മൂന്നുഭാഗങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates