ഗർഭിണികൾക്കും വാക്സിൻ; രജിസ്റ്റർ ചെയ്തോ, നേരിട്ടെത്തിയോ സ്വീകരിക്കാം; നയത്തിൽ സുപ്രധാന മാറ്റം

ഗർഭിണികൾക്കും വാക്സിൻ; രജിസ്റ്റർ ചെയ്തോ, നേരിട്ടെത്തിയോ സ്വീകരിക്കാം; നയത്തിൽ സുപ്രധാന മാറ്റം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി: ഗർഭിണികൾക്കും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാമെന്ന് കേന്ദ്രം. ഗർഭിണികൾ കോവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് വാക്‌സിൻ നയങ്ങളിൽ കേന്ദ്രം സുപ്രധാന മാറ്റം കൊണ്ടുവന്നത്. ഉപദേശക സംഘത്തിന്റെ നിർദ്ദേശം കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അം​ഗീകരിച്ചതോടെയാണ് ​ഗർഭിണികൾക്ക് വാക്സിൻ എടുക്കാൻ അവസരം ഒരുങ്ങിയത്. 

ഗർഭിണികൾക്ക് വാക്‌സിൻ സ്വീകരിക്കാൻ സാധിക്കുമെന്നും എടുക്കണമെന്നും കേന്ദ്രം അറിയിച്ചു. കോവിൻ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തും വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും ​ഗർഭിണികൾക്ക് കുത്തിവെപ്പെടുക്കാം. 

വാക്‌സിൻ പരീക്ഷണങ്ങളിൽ ഗർഭിണികളെ ഉൾപ്പെടുത്താത്തതിനാൽ ഗർഭിണികൾക്ക് വാക്‌സിൻ സുരക്ഷിതമാണോ എന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾക്ക് വാക്‌സിൻ വിതരണം ചെയ്യേണ്ടെന്ന നിലപാടാണ് തുടക്കത്തിൽ കേന്ദ്രം സ്വീകരിച്ചത്. ഗർഭിണികൾക്ക് വാക്‌സിൻ നൽകുന്നതിന് മുമ്പ് വാക്‌സിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കണമെന്നും നിർദേശമുണ്ട്. 

വാക്‌സിൻ ഗർഭിണികൾക്ക് വിതരണം ചെയ്യുന്നതിനുളള മാർഗ നിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിനെടുക്കുന്നത് അവർക്ക് പ്രയോജനപ്പെടും, അവർ നിർബന്ധമായും വാക്‌സിൻ സ്വീകരിക്കണം, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ ഗർഭിണികൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ഗർഭിണികളെ വാക്‌സിൻ വിതരണത്തിൽ നിന്ന് ഒഴിവാക്കരുതെന്നാണ് എൻടിഎജിഐ- എസ്ടിഎസ്‌സിയുടെ ശുപാർശ. കാരണം ഇവർക്ക് വൈറസ് ബാധയേൽക്കാനുളള സാധ്യത കൂടുതലാണ്. 

ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കുന്നതിനെ തുടർന്ന് കുട്ടിക്കോ അമ്മയ്‌ക്കോ ഉണ്ടായേക്കാനിടയുളള ബുദ്ധിമുട്ടുകളെക്കുറിച്ചുളള സംശയവും യോഗത്തിൽ ചർച്ച ചെയ്തു. എന്നാൽ വാക്‌സിനെടുത്താലുണ്ടാകുന്ന വെല്ലുവിളിയേക്കാൾ അതെടുത്താലുണ്ടാകുന്ന  പ്രയോജനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്നായിരുന്നു യോഗത്തിലുയർന്നുവന്ന അഭിപ്രായം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com