

ന്യൂഡല്‍ഹി: പൗരന്‍മാര്‍ തങ്ങളുടെ ഭരണഘടനാ കടമകള്‍ നിറവേറ്റിയാന്‍ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ ദിനത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ തുറന്ന കത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ പൗരന്മാര്‍ ഭരണഘടനാപരമായ കടമകള്‍ നിറവേറ്റണം. കടമകള്‍ നിര്‍വഹിക്കുന്നതിലൂടെയാണ് അവകാശങ്ങള്‍ ഉണ്ടാകുന്നത് എന്നും മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണം. ഇത് പൗരന്‍മാരുടെ ഉത്തരവാദിത്തമാണ്. 18 വയസ്സ് തികയുന്ന കന്നി വോട്ടര്‍മാരെ ആദരിച്ചുകൊണ്ട് സ്‌കൂളുകളും കോളജുകളും ഭരണഘടനാദിനം ആഘോഷിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. 'ഇന്ത്യയുടെ ഭരണഘടന മനുഷ്യന്റെ അന്തസ്സിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും അതീവ പ്രാധാന്യം നല്‍കുന്നു. ജനങ്ങള്‍ക്ക് അവകാശങ്ങള്‍ ഉറപ്പിക്കുമ്പോഴും പൗരന്മാര്‍ എന്ന നിലയിലുള്ള നമ്മുടെ കടമകളെക്കുറിച്ചും ഭരണഘടന ഓര്‍മ്മിപ്പിക്കുന്നു. അത് നാം എപ്പോഴും നിറവേറ്റുക എന്നത് പ്രധാനമാണ്. ഈ കടമകളാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറ,' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ന് സ്വീകരിക്കുന്ന നയങ്ങളും തീരുമാനങ്ങളുമാണ് വരും തലമുറയുടെ ജീവിതത്തെ രൂപപ്പെടുത്തുക. വികസിത രാജ്യം എന്ന നേട്ടത്തിലേക്ക് ഇന്ത്യ വളരുമ്പോള്‍ പൗരന്‍മാര്‍ തങ്ങളുടെ കടമകള്‍ക്ക് പ്രഥമസ്ഥാനം നല്‍കണം.കടമകള്‍ നിറവേറ്റുക എന്നതാണ് സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിത്തറയെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിക്കുന്നു. ഭരണഘടനാ ശില്‍പികളുടെ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും നമ്മെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമത്തിന് വഴി തെളിക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങളാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates