ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഹോളോഗ്രാം പ്രതിമ ഇന്ത്യാഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. നേതാജിയുടെ 125ാം ജന്മദിന വാർഷികത്തോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ഗ്രാനൈറ്റ് ശിലയിൽ തീർത്ത പ്രതിമ സ്ഥാപിക്കുന്നതു വരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇവിടെ നിലനിർത്തും. ഗ്രാനൈറ്റ് ശിലയിൽ തീർത്ത പ്രതിമയുടെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് മോദി പറഞ്ഞു
ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിക്കാൻ വിസമ്മതിച്ച ആളാണ് നേതാജിയെന്ന് മോദി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങൾക്കും ഭാവി തലമുറകൾക്കും പ്രചോദനമാകും. ഇതൊരു ചരിത്ര സ്ഥലവും ചരിത്ര സന്ദർഭവുമാണ്. നേതാജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മൾ മുന്നോട്ടുപോകണമെന്നും പ്രതിമ അനാച്ഛാദനം ചെയ്തു മോദി പറഞ്ഞു
പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു. ഇതു വെറുമൊരു പ്രതിമയല്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി എല്ലാം നൽകിയ നേതാജിക്കുള്ള ഉചിതമായ ആദരവാണിതെന്നും അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു.
ലേസർ വെളിച്ചം പ്രസരിപ്പിച്ച് രൂപപ്പെടുത്തുന്ന നേതാജിയുടെ ഹോളോഗ്രം പ്രതിമയാണ് ആദ്യഘട്ടത്തിൽ ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചത്. ഗ്രാനൈറ്റിൽ തീർക്കുന്ന പ്രതിമയ്ക്ക് 28 അടി ഉയരത്തിൽ 6 അടി വീതിയുമുണ്ടാകും. റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകൾക്കും നേതാജിയുടെ ജന്മവാർഷികദിനത്തിൽ തുടക്കം കുറിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാ വർഷവും നേതാജിയുടെ ജന്മദിന വാർഷികം പരാക്രം ദിവസ് ആയാണ് ആചരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates