

ചണ്ഡീഗഡ്: പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് പ്രസിഡന്റിന് അയച്ച കത്തിലെ വിശദീകരണം. ചില പ്രതിബദ്ധതകളും വ്യക്തിപരമായ കാരണങ്ങളുമാണ് രാജിക്ക് കാരണമെന്നാണ് കത്തില്‍ പറയുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബന്‍വാരിലാല്‍ പുരോഹിത് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ് പുരോഹിത്. രണ്ട് സ്ഥാനങ്ങളും ഒഴിയുന്നുവെന്നാണ് രാഷ്ട്രപതിക്ക് അയച്ച രണ്ട് വരി കത്തിലുള്ളത്.
കഴിഞ്ഞ മാസങ്ങളായി ഗവര്‍ണറും മുഖ്യമന്ത്രി ഭഗവന്ത് മാനും തമ്മില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴും ഇരുവരും തമ്മില്‍ വാക് തര്‍ക്കങ്ങളുമുണ്ടായി. ഭരണഘടനാ സംവിധാനത്തിന്റെ പരാജയത്തെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കി.
അതേസമയം, സംസ്ഥാനത്തെ സമാധാനപ്രേമികളായ ജനങ്ങളെ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തിയെന്നും ക്രമസമാധാനം പൂര്‍ണ നിയന്ത്രണത്തിലാണെന്നും ഭഗവന്ത് മാന്‍ മറുപടിയില്‍ പറഞ്ഞു. ഗവര്‍ണര്‍ അയച്ച മിക്ക കത്തുകള്‍ക്കും മറുപടി നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
ഒക്ടോബറില്‍ ബന്‍വാരിലാല്‍ പുരോഹിത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഒരു കത്ത് എഴുതി. തുടര്‍ന്ന് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസിലെ അഴിമതി, അനധികൃത ഖനനത്തില്‍ എംഎല്‍എയുടെ അടുത്ത ബന്ധുവിന്റെ പങ്കാളിത്തം, പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്, എസ്എസ്പി തരണ്‍ തരണിന്റെ സ്ഥലംമാറ്റം എന്നിവയെക്കുറിച്ചുള്ള എംഎല്‍എയുടെ ആരോപണങ്ങളും കത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates