

ന്യൂഡല്‍ഹി: ഭീകരവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിച്ചാല്‍ മാത്രമേ ആ രാജ്യവുമായി ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിക്കൂവെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയിലെ ചിക്കാഗോ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് പാകിസ്ഥാനുമായുള്ള ചര്‍ച്ചകളുടെ സാധ്യതയെക്കുറിച്ചുള്ള പാക് വിദ്യാര്‍ഥിയുടെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയത്.
ഇന്ത്യയില്‍ ഭീകരവാദത്തിന് പാകിസ്ഥാന്‍ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതാണ് പ്രധാന പ്രശ്‌നമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിരപരാധികളായ ഇന്ത്യക്കാരെ കൊലപ്പെടുത്തുന്നത് അംഗീകരിച്ചുകൊണ്ട് അതേസമയം പാകിസ്ഥാനുമായി ചര്‍ച്ച നടത്തുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആ പിന്തുണയും പ്രോത്സാഹനവും അവസാനിക്കുന്ന നിമിഷം പാകിസ്ഥാനുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ സമാന നിലപാട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.
ഇറാനുമായും അമേരിക്കയുമായും പാകിസ്ഥാന്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ഇന്ത്യ കാഴ്ചക്കാരായി നില്‍ക്കേണ്ടിവരുന്നതില്‍ അത്ഭുതവും നിരാശയുമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്വാതന്ത്ര്യലബ്ധി മുതല്‍ ഇന്ത്യയ്ക്ക് സങ്കീര്‍ണമായ ഭൗമരാഷ്ട്രീയ വിഷയങ്ങളില്‍ വ്യക്തമായ ധാരണയും സ്വന്തമായ നിലപാടുമുണ്ടായിരുന്നു. ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു വിദേശനയം രൂപപ്പെടുത്തിയത്. രാജ്യത്തിന്റെ വലുപ്പം, ചരിത്രം, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍ ആഗോള ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ടാകേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, നിലവില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നാണ് തന്റെ വിലയിരുത്തലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആഗോള വേദികളില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോയി. ഇന്ത്യയ്ക്ക് സ്വന്തമായ ശബ്ദവും കാഴ്ചപ്പാടുമുണ്ടെങ്കിലും ആഗോള ചര്‍ച്ചകളില്‍ അത് വേണ്ടവിധം പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates