

കോപ്പൻഹേഗൻ: ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡ് മഞ്ഞുപാളിയുടെ നെറുകയിൽ മഴ പെയ്തു. ഇവിടെ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നെന്നാണ് യു എസ് സ്നോ ആൻഡ് ഐസ് ഡേറ്റാ സെന്ററിന്റെ റിപ്പോർട്ട്. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ മഴയുടെ സാന്നിധ്യം മഞ്ഞുരുകുന്നതിന്റെ തോതുയർത്തും. ഇത് 2030 -ഓടെ കൊച്ചി, മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന തീരപ്രദേശ നഗരങ്ങളിൽ മഹാപ്രളയമടക്കമുള്ള ദുരന്തങ്ങൾക്ക് ഇടയാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ ഭയം.
അന്റാർട്ടിക്കയ്ക്ക് പുറത്ത് ഭൂമിയിലെ മറ്റെല്ലാ ഹിമപാളികളിലും ഉള്ളതിനേക്കാൾ നാലിരട്ടി മഞ്ഞാണ് ഗ്രീൻലാൻഡിലെ ഹിമപാളിയിലുള്ളത്. അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളിയാണ് ഇത്. ഇവിടെ മഴപെയ്യുന്നത് താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദശകത്തിലാണ് ഏറ്റവും കൂടുതൽ മഞ്ഞുരുകിയത്. എല്ലാ വർഷവും ഈ സമയത്ത് ഒരു ദിവസം നഷ്ടപ്പെടുന്ന മഞ്ഞിനേക്കാൾ ഏഴു മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴകാരണം നഷ്ടപ്പെട്ടത്.
പൂജ്യം ഡിഗ്രി സെൽഷ്യസിൽ കൂടുതലോ അല്പംമാത്രം കുറവോ ആയ താമനില നിൽക്കുമ്പോഴാണ് ഗ്രീൻലാൻഡിൽ മഴ പെയ്യുക. 2,000 വർഷങ്ങൾക്കിടെ താപനില പൂജ്യം ഡിഗ്രിയിൽനിന്ന് ഉയർന്നത് ഒമ്പത് തവണയാണ്. 2012-ലും 2019-ലും ഇങ്ങനെയുണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല. യൂറോപ്യൻ പഠനപ്രകാരം ഗ്രീൻലൻഡിലെ മഞ്ഞുരുകൽ 2100- ആകുമ്പോഴേക്കും സമുദ്രനിരപ്പ് 10 മുതൽ 18 സെന്റിമീറ്റർ ഉയരുന്നതിന് കാരണമാകും. അടുത്ത ഏതാനും ദശകങ്ങളിൽ സമുദ്രനിരപ്പ് ഉയരുന്നതിന് മറ്റൊരു ഘടകവും ഇത്രമാത്രം സ്വാധീനമുണ്ടാക്കില്ല.
മിയാമി, ഷാങ്ഹായ്, ടോക്കിയോ, മുംബൈ, ലാഗോസ്, ബാങ്കോക്ക്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ് ഈ മാറ്റങ്ങൾ. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ജനസാന്ദ്രതയുള്ള ഇടങ്ങളിലും കടുത്ത കാലാവസ്ഥാ പ്രതിസന്ധിയിലേക്കാണ് ഇത് ലക്ഷ്യംവയ്ക്കുന്നത്. 2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോരനഗരങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതു കാരണമായേക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates