

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും അതിക്രമത്തിലും രൂക്ഷ വിമര്‍ശനവുമായി അവതാരക രഞ്ജിനി ഹരിദാസ്. ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധ സ്ഥലത്തെത്തിയ രഞ്ജിനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ താനും പൊലീസ് വലയത്തില്‍ പെട്ടുപോയെന്നും, കുറച്ചുകൂടി മാറിയാണ് നിന്നിരുന്നതെങ്കില്‍ ലാത്തിച്ചാര്‍ജ് തനിക്കും കിട്ടുമായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു.
'കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോനം വാങ്ചുക്കിന്റെ സത്യാഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ നിരീക്ഷിക്കുകയും റീഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ സമരം ചെയ്തയിടത്തു നിന്ന് വാങ്ചുക്കിനെ ഷീറ്റില്‍ പൊതിഞ്ഞ്, ഡെഡ് ബോഡി കൊണ്ടുപോകുന്നതുപോലെ പൊലീസുകാര്‍ എടുത്തുകൊണ്ടുപോയ കാഴ്ച കണ്ടപ്പോള്‍ സമാധാനം പോയി. കേവലം ഒരു ഇന്റര്‍നെറ്റ് പോരാളിയായി വീട്ടിലിരിക്കാന്‍ കഴിയാതെ വന്നതോടെയാണ് നേരിട്ട് വിഷയത്തില്‍ ഇടപെടാന്‍ ഡല്‍ഹിയിലേക്ക് വരാന്‍ തീരുമാനിച്ചത്.
ഡല്‍ഹിയിലെ കാര്യങ്ങള്‍ ഭീകരമാണ്. ഇവിടെ ജനാധിപത്യം ഉണ്ടോ എന്ന് സംശയിച്ചുപോകും. പ്രതിഷേധത്തിലേക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ പൊലീസ് നഗരത്തിലുടനീളം ബാരിക്കേഡുകള്‍ ഉയര്‍ത്തി വഴി തടഞ്ഞു. ഹൈക്കോടതി ജഡ്ജിമാരും ഉദ്യോഗസ്ഥരും താമസിക്കുന്ന ഭാഗങ്ങളില്‍ പോലും ആര്‍ക്കും പ്രവേശനമില്ലാത്ത രീതിയിലായിരുന്നു പൊലീസിന്റെ ബാരിക്കേഡിങ്. ജനങ്ങളുടെ പ്രതിഷേധം കണ്ടുള്ള ഭയം കാരണമാണ് പൊലീസ് ഇത്തരം നടപടികള്‍ സ്വീകരിച്ചത്.
സമാധാനപരമായി പ്രതിഷേധിച്ച യുവാക്കള്‍ക്ക് നേരെയാണ് പൊലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജ്ജും പ്രയോഗിച്ചത്. ബാരിക്കേഡുകള്‍ക്കുള്ളില്‍ പെട്ടുപോയവര്‍ക്ക് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല. പൊലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ട് വീണ കുട്ടികള്‍ക്കും ഒരു ആംബുലന്‍സ് വിളിക്കാനോ, അല്പം വെള്ളം നല്‍കാനോ പോലും അധികൃതര്‍ തയ്യാറായില്ല. മനുഷ്യത്വമില്ലാത്ത സമീപനമാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്' -രഞ്ജിനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates