

ന്യൂഡല്‍ഹി: 2025 നവംബറില്‍ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്ഫോടനം ചാവേര്‍ ആക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ഫോടനം നടന്ന ഹ്യുണ്ടായ് ഐ20 കാറിനുള്ളിലുണ്ടായിരുന്ന ഡോ. ഉമര്‍ ഉന്‍ നബി തന്നെയാണ് കമാന്‍ഡ് മെക്കാനിസം ഉപയോഗിച്ച് സ്ഫോടകവസ്തു സ്വയം പൊട്ടിത്തെറിപ്പിച്ചതെന്ന് റൌസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ച 7,500 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
അല്‍ഖയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ത് എന്ന ഭീകര സംഘടനയുടെ നിര്‍ജ്ജീവമായ മൊഡ്യൂള്‍ പുനരുജ്ജീവിപ്പിച്ച് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട മുഖ്യ സൂത്രധാരനാണ് ഉമര്‍ നബി എന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കശ്മീരി ഡോക്ടറായ ഇയാള്‍ ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്നു.
സ്ഫോടനസ്ഥലത്തുനിന്ന് ലഭിച്ച ജൈവ അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനയിലൂടെ കാറിനുള്ളിലുണ്ടായിരുന്നത് ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ പൊട്ടിത്തെറിക്കുന്ന ഉപകരണമാക്കി മാറ്റിയാണ് ആക്രമണം നടത്തിയതെന്നും ഏജന്‍സി പറയുന്നു. സ്ഫോടനസ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകളില്‍ അതിശക്തവും അപകടകരവുമായ അസറ്റോണ്‍ ട്രൈപെറോക്‌സൈഡ്, അമോണിയം നൈട്രേറ്റ് എന്നിവയുടെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
സായുധ പോരാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ജിഹാദിനെ മതപരമായ കടമയായി ചിത്രീകരിക്കുന്നതുമായ നിരവധി പുസ്തകങ്ങളും ലഘുലേഖകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളെ തള്ളിക്കളയുന്നതാണ് ഇത്തരം രേഖകളെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2022ന്റെ തുടക്കം മുതല്‍ ഉമര്‍ നബി ഒളിവില്‍ക്കഴിഞ്ഞ് റിക്രൂട്ട്മെന്റുകള്‍ നടത്തുകയും ജമ്മു കശ്മീരിലും ഡല്‍ഹിയിലും രഹസ്യ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 'സിഗ്‌നല്‍' പോലുള്ള എന്‍ക്രിപ്റ്റഡ് പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഇവര്‍ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്.
2025 നവംബര്‍ 10ന് വൈകിട്ട് 6:50ഓടെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ മുഖ്യ സൂത്രധാരനായ ഉമര്‍ ഉന്‍ നബി സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടതിനാല്‍ അയാള്‍ക്കെതിരെയുള്ള നിയമനടപടികള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഗൂഢാലോചനയിലെ മറ്റ് കണ്ണികളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് എന്‍ഐഎ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates