

ന്യൂഡല്‍ഹി: ജനുവരി 29ന് പ്രയാഗ് രാജിലെ മഹാകുംഭമേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ യുപി സര്‍ക്കാര്‍ മറച്ചുവയ്ക്കുയാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മൃതദേഹങ്ങള്‍ ജെസിബികളിലും ട്രാക്ടറുകളിലും നിറച്ചിരുന്നു, അവ എവിടേക്കാണ് കൊണ്ടുപോയതെന്ന് ആര്‍ക്കും അറിയില്ലെന്നും വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ച് അഖിലേഷ് യാദവ് പറഞ്ഞു.
30 പേര്‍ മരിച്ചതായും 60 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ് യുപി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലും എത്രയോ അധികമാണ് മരണസംഖ്യയെന്നും ഇക്കാര്യം സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാ കുംഭമേളയുടെ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ യുപി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. കുംഭമേളയുടെ നടത്തിപ്പ് ഉടന്‍ തന്നെ സൈന്യത്തിന് കൈമാറണമെന്നും അഖിലേഷ് യാദവ് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. ക്രമീകരണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഒരുസര്‍വകക്ഷി യോഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കുംഭമേളയിലെ അപകടത്തിലെ മരിച്ചവരുടെ എണ്ണം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയവയുടെ കൃത്യമായ വിവരം പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. ഈ ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം, സത്യം മറച്ചുവെച്ചവരെ ശിക്ഷിക്കണം. കുറ്റക്കാരല്ലെങ്കില്‍, പിന്നെ എന്തിനാണ് മരിച്ചവരുടെ കണക്കുകള്‍ മറച്ചുവയ്ക്കുന്നതെന്നും അഖിലേഷ് ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates